Cricket Sports

രാഹുൽ ത്രിപാഠിക്കും വാഷിംഗ്ടൺ സുന്ദറിനും പരുക്ക്; സൺറൈസേഴ്സിനു തിരിച്ചടി

ഐപിഎലിൽ വിജയവഴിയിലേക്ക് തിരികെയെത്തിയെങ്കിലും സൺറൈസേഴ്സിനു തിരിച്ചടിയായി താരങ്ങളുടെ പരുക്ക്. ടോപ്പ് ഓർഡർ ബാറ്റർ രാഹുൽ ത്രിപാഠിക്കും സ്പിൻ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിനുമാണ് പരുക്കേറ്റിരിക്കുന്നത്. ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിൽ പരുക്കേറ്റ താരങ്ങൾ എന്ന് തിരികെയെത്തുമെന്നതിൽ വ്യക്തതയില്ല.

മൂന്ന് ഓവർ മാത്രം എറിഞ്ഞാണ് വാഷിംഗ്ടൺ സുന്ദർ മടങ്ങിയത്. 3 ഓവറിൽ വെറും 14 റൺസ് മാത്രമേ താരം വഴങ്ങിയിരുന്നുള്ളൂ. വാഷിംഗ്ടണ് രണ്ടോ മൂന്നോ ദിവസത്തെ വിശ്രമം വേണ്ടിവന്നേക്കുമെന്നാണ് വിവരം.

മത്സരത്തിൻ്റെ 14ആം ഓവറിലാണ് ത്രിപാഠിയ്ക്ക് പരുക്കേറ്റത്. രാഹുൽ തെവാട്ടിയ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തിൽ ത്രിപാഠി സിക്സർ നേടി. രണ്ടാം പന്ത് കളിച്ചതിനു പിന്നാലെ പേശിവലിവുണ്ടായി താരം റിട്ടയർഡ് ഔട്ടാവുകയായിരുന്നു. 17 റൺസെടുത്ത് നിൽക്കെയായിരുന്നു ത്രിപാഠി പവലിയനിലേക്ക് മടങ്ങിയത്. ത്രിപാഠിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ഇന്നലെ ഗുജറാത്തിനെ 8 വിക്കറ്റിന് സൺറൈസേഴ്സ് കീഴടക്കിയിരുന്നു. മൂന്ന് മത്സരങ്ങൾ തുടർച്ചയായി വിജയിച്ച ഗുജറാത്തിന്റെ ആദ്യതോൽവിയാണിത്. തുടർച്ചയായ രണ്ടാം വിജയത്തോടെ ഹൈദരാബാദ് സൺറൈസേഴ്‌സ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 20 ഓവറിൽ 7 വിക്കറ്റിന് 162 റൺസാണ് ഗുജറാത്ത് ടൈറ്റൻസ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് സൺറൈസേഴ്‌സ് 19.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിച്ചു.