ക്രിക്കറ്റിന്റെ കുഞ്ഞൻ പതിപ്പായ ട്വന്റി 20യെ ഒളിമ്പിക്സിൽ ഉൾപ്പെടുത്തണമെന്ന നിർദേശവുമായി രാഹുൽ ദ്രാവിഡ്. ട്വന്റി 20 ക്രിക്കറ്റ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയാൽ അത് ക്രിക്കറ്റിന് ഗുണം ചെയ്യുമെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അഭിപ്രായപ്പെട്ടു.
നിലവിൽ 75 രാജ്യങ്ങളിൽ കൂടുതൽ ടി20 ക്രിക്കറ്റ് സജീവമാണെന്നും ഒരുപാടു രാജ്യങ്ങളിൽ ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റുകൾ നടക്കുന്നുണ്ടെന്നും ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ കൂടിയായ രാഹുൽ ദ്രാവിഡ് ചൂണ്ടിക്കാട്ടി.
തീർച്ചയായും ഞാൻ ടി20 ക്രിക്കറ്റിന്റെ വളർച്ചയോടൊപ്പമാണ്, അതിനെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞാൽ ഒളിമ്പിക്സിൽ ഒരു ഘട്ടത്തിൽ ക്രിക്കറ്റിന് സ്ഥാനമുണ്ടാകുമെന്ന് ഞാൻ കരുതുന്നു. അതിന് ചിലപ്പോൾ സമയമെടുത്തേക്കാം, പക്ഷേ എന്ത് കൊണ്ട് ഒളിമ്പിക്സിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്തിക്കൂടാ..? അദ്ദേഹം കൂട്ടിചേർത്തു
നേരത്തെ 2010, 2014 ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ആ ടൂർണമെന്റിൽ ബി.സി.സി.ഐ ഇന്ത്യൻ ടീമിനെ അയച്ചിരുന്നില്ല. ഐ.സി.സി 2018ൽ നടത്തിയ ഒരു സർവേയിൽ 87 ശതമാനം പേരും ക്രിക്കറ്റ് ഒളിമ്പിക്സിന്റെ ഭാഗമാവണമെന്ന ആവശ്യത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്.