മുൻ ഇന്ത്യൻ താരവും ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പരിശീലകനുമായ രാഹുൽ ദ്രാവിഡ് തന്നെ ഇന്ത്യൻ ടീം പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്. ദ്രാവിഡ് ഔദ്യോഗികമായി പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകളെ ശരിവച്ച് ക്രിക്കറ്റ് അക്കാദമിയിലെ ബൗളിംഗ് പരിശീലകൻ പരസ് മാംബ്രെ ഇന്ത്യൻ ടീമിൻ്റെ ബൗളിംഗ് പരിശീലകനാവുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എൻസിഎ ഫീൽഡിംഗ് പരിശീലകൻ അഭയ് ശർമ്മയും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസമായിരുന്നു ഇന്ന്. (Dravid India Head Coach)
നേരത്തെ ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിനെ രാഹുൽ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അണ്ടർ 19 ടീമുകളേയും ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎൽ ടീമുകളുടെ ഉപദേശകനുമായിരുന്നു.
ടി-20 ലോകകപ്പിനു ശേഷം നടക്കുന്ന ന്യൂസീലൻഡ് പരമ്പര മുതലാണ് ദ്രാവിഡ് ഇന്ത്യയെ പരിശീലിപ്പിക്കുക. ടി-20 ലോകകപ്പിന് ശേഷം രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കുക. ഈ പരമ്പര മുതൽ 2023 ഏകദിന ലോകകപ്പ് വരെ ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകനായി തുടരും.
ലോകകപ്പിന് ശേഷം ആരംഭിക്കുന്ന ഇന്ത്യ- ന്യൂസിലാൻഡ് ടി-20 പരമ്പരയിൽ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ യുവ താരങ്ങൾക്ക് അവസരം നൽകുമെന്നാണ് സൂചന. ഐപിഎല്ലിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് യുവ നിരയെ തിരഞ്ഞെടുക്കുന്നത്. ടി-20 ലോകകപ്പോടെ കോലി ടി-20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നതിനാൽ രോഹിത് ആവും ടീം ക്യാപ്റ്റൻ. രോഹിതിനും വിശ്രമം അനുവദിക്കുമോ എന്നതിൽ വ്യക്തതയില്ല.
ദ്രാവിഡ് പരിശീലകനാവുമെന്ന തരത്തിൽ നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ ബിസിസിഐ പ്രസിഡൻ്റും മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി തള്ളിയിരുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ലെന്നും തീരുമാനമെടുക്കാൻ സമയം വേണമെന്നും ദ്രാവിഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗാംഗുലി പറഞ്ഞു. പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കാൻ അദ്ദേഹത്തിനു താത്പര്യമുണ്ടെങ്കിൽ അദ്ദേഹം അപേക്ഷിക്കും. തീരുമാനമെടുക്കാൻ അദ്ദേഹം കുറച്ച് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. എന്താണ് സംഭവിക്കുക എന്ന് നോക്കാം എന്നും ഗാംഗുലി അറിയിച്ചിരുന്നു.