ഇന്ത്യ – ആസ്ത്രേലിയ ഏകദിന മത്സരത്തിനിടെ ഗ്രൗണ്ടിൽ അതിക്രമിച്ച് കയറി പ്രതിഷേധം. പരമ്പരയിലെ ആദ്യ മത്സരം പുരോഗമിക്കുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് രണ്ട് യുവാക്കൾ പ്ലക്കാർഡുമായി ഫീൽഡിലിറങ്ങിയത്.
അദാനി ഗ്രൂപ്പിന്റെ ആസ്ത്രേലിയയിലുള്ള കൽക്കരി പദ്ധതിക്കെതിരായ പ്രതിഷേധമായിരുന്നു ക്രിക്കറ്റ് ഗ്രൗണ്ടിലേക്കും നീങ്ങിയത്. അസ്ത്രേലിയക്കെതിരെ ഇന്ത്യയുടെ ആറാം ഓവർ എറിയാനായി നവ്‍ദീപ് സെെനി തയ്യാറെടുക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. ‘നോ വൺ ബില്യൺ ഡോളർ അദാനി ലോൺ’ എന്ന പ്ലക്കാർഡുമായാണ് പ്രതിഷേധക്കാർ ഗ്രൗണ്ടിലിറങ്ങിയത്. ആസ്‌ട്രേലിയയില്‍ കല്‍ക്കരി ഖനി തുടങ്ങാന്‍ അദാനിക്ക് എസ്.ബി.ഐ 5,000 കോടിയുടെ വായ്പ നൽകുന്നതിനെ എതിർത്തായിരുന്നു പ്രതിഷേധം. ഇരുവരെയും പിന്നീട് സുരക്ഷാ ജീവനക്കാർ പുറത്തേക്ക് കൊണ്ടുപോയി.
കോവിഡ് മഹാമാരിയെ തുടർന്ന് ആദ്യമായി കാണികളെ ഉൾപ്പെടുത്തിയുള്ള മത്സരമായിരുന്നു ഇന്ത്യ – ആസ്ത്രേലിയ ഏകദിന പരമ്പര. അമ്പത് ശതമാനം കാണികൾക്ക് പ്രവേശനം നൽകിയായിരുന്നു മത്സരം തുടങ്ങിയത്. മൂന്ന് ഏകദിനും നാല് ടെസ്റ്റും അടങ്ങുന്നതാണ് ആസ്ത്രലിയൻ പര്യടനം.