Cricket

സെൽഫി വിവാദം; പൃഥ്വി ഷായ്ക്ക് നോട്ടീസ് അയച്ച് ബോംബെ ഹൈക്കോടതി

സെൽഫി വിവാദത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്ക് നോട്ടീസ് അയച്ച് ബോംബെ ഹൈക്കോടതി. ഷായെ ആക്രമിച്ചതിന് അറസ്റ്റിലായ ഭോജ്പുരി നടി സപ്ന ഗിൽ നൽകിയ പരാതിയിലാണ് നോട്ടീസ്. ഈ വർഷം ഫെബ്രുവരിയിൽ മുംബൈയിലെ ഒരു നൈറ്റ് ക്ലബിനു മുന്നിൽ വച്ച് തന്നെ സപ്ന ഗിലും സംഘവും ചേർന്ന് മർദിച്ചു എന്നാണ് പൃഥ്വി ഷാ പരാതിനൽകിയിരുന്നത്. തുടർന്ന് സപ്നയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു.

തനിക്ക് നേരെ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആർ നീക്കണമെന്ന ആവശ്യവുമായാണ് സപ്ന ഗിൽ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് പൃഥ്വി ഷാ അടക്കം 11 പേർക്കെതിരെ കോടതി നോട്ടീസ് അയക്കുകയായിരുന്നു. ഷായും സുഹൃത്തുക്കളും തന്നെ പൊതുവിടത്തി വച്ച് ഉപദ്രവിച്ചു എന്ന് സപ്ന ഗിൽ പരാതിയിൽ പറയുന്നു. തൻ്റെ സ്ത്രീത്വത്തെ അപമാനിക്കുകയും ആയുധങ്ങൾ കൊണ്ട് കായികമായി കയ്യേറ്റം ചെയ്യുകയും ചെയ്തു. തൻ്റെ ദേഹത്ത് പൃഥ്വി ഷാ മോശമായ രീതിയിൽ സ്പർശിച്ചു എന്നും തള്ളിമാറ്റിയെന്നും പരാതിയിൽ പറയുന്നു.

ഫെബ്രുവരി 16നാണ് സംഭവം നടന്നത്. സാന്താക്രൂസിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ അത്താഴം കഴിക്കാൻ പോയ പൃഥ്വി ഷായെ അജ്ഞാതർ സമീപിച്ച് സെൽഫി ആവശ്യപ്പെടുകയായിരുന്നു. ഷാ രണ്ട് പേർക്കൊപ്പം സെൽഫിയെടുത്തു. എന്നാൽ സംഘത്തിലെ മറ്റുള്ളവർക്കൊപ്പവും സെൽഫിയെടുക്കാൻ ഇവർ ആവശ്യപ്പെട്ടു. സുഹൃത്തിനോടൊപ്പം ഭക്ഷണം കഴിക്കാൻ വന്നതാണെന്നും ശല്യപ്പെടുത്തരുതെന്നും പറഞ്ഞ് ഷാ ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

കൂടുതൽ നിർബന്ധിച്ചപ്പോൾ പൃഥ്വിയുടെ സുഹൃത്ത് ഹോട്ടൽ മാനേജരെ വിളിച്ച് പരാതി അറയിച്ചു. പിന്നാലെ സംഘത്തോട് ഹോട്ടൽ വിടാൻ മാനേജർ ആവശ്യപ്പെട്ടു. അത്താഴം കഴിച്ച് ഷായും സുഹൃത്തും ഹോട്ടലിന് പുറത്ത് വരുമ്പോൾ ചിലർ ബേസ്ബോൾ ബാറ്റുകളുമായി ആക്രമണം നടത്തുകയായിരുന്നുവെന്ന് സുഹൃത്ത് ആശിഷ് സുരേന്ദ്ര യാദവ് നൽകിയ പരാതിയിൽ പറയുന്നു.

പൃഥ്വി കാറിലുണ്ടായിരുന്ന സമയത്ത് ഇവർ കാറിന്റെ ചില്ല് തകർത്തു. ഇവർ കാറിനെ പിന്തുടരുകയും, ജോഗേശ്വരിയിലെ ലോട്ടസ് പെട്രോൾ പമ്പിന് സമീപം കാർ തടയുകയും ചെയ്തു. പ്രശ്നം പരിഹരിക്കണമെങ്കിൽ 50,000 രൂപ നൽകണമെന്നും അല്ലാത്തപക്ഷം താൻ കള്ളക്കേസ് കൊടുക്കുമെന്ന് ഒരു യുവതി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ ഉന്നയിക്കുന്നു.