പാകിസ്താൻ ക്രിക്കറ്റ് താരം സൗദ് ഷക്കീലിന് അപൂർവ റെക്കോർഡ്. ടെസ്റ്റ് ക്രിക്കറ്റിൽ 146 വർഷം നീണ്ട റെക്കോർഡാണ് ഷക്കീൽ തിരുത്തിയെഴുതിയത്. അരങ്ങേറി തുടർച്ചയായ ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങളിൽ 50 റൺസിലധികം നേടിയ താരമെന്ന റെക്കോർഡാണ് ഷക്കീൽ നേടിയത്. താരത്തിൻ്റെ ഏഴാം ടെസ്റ്റ് മത്സരമാണ് ശ്രീലങ്കക്കെതിരെ ഇപ്പോൾ നടക്കുന്നത്. ഈ മത്സരത്തിൽ സൗദ് ഷക്കീൽ 57 റൺസ് നേടി പുറത്തായി.
ശ്രീലങ്കക്കെതിരെ ഷക്കീൽ നേടിയത് തൻ്റെ കരിയറീലെ ആറാം അർദ്ധസെഞ്ചുറിയാണ്. ഇതോടൊപ്പം ഷക്കീലിന് ഒരു സെഞ്ചുറിയും ഒരു ഇരട്ട സെഞ്ചുറിയും ഉണ്ട്. ഇതോടെ കളിച്ച എല്ലാ ടെസ്റ്റിലും അർദ്ധസെഞ്ചുറിക്ക് മുകളിൽ സ്കോർ ചെയ്യാൻ ഷക്കീലിനു സാധിച്ചു. സുനിൽ ഗവാസ്കർ, സഈദ് അഹ്മദ് തുടങ്ങിയ താരങ്ങളെയാണ് ഷക്കീൽ മറികടന്നത്. ഈ താരങ്ങൾ തങ്ങളുടെ ആദ്യ 6 മത്സരങ്ങളിൽ ഫിഫ്റ്റിക്ക് മുകളിൽ നേടിയവരാണ്.
അതേസമയം, രണ്ടാം ടെസ്റ്റിൽ പാകിസ്താൻ വമ്പൻ ജയത്തിലേക്ക് കുതിക്കുകയാണ്. ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 166ന് മറുപടിയായി പാകിസ്താൻ 5 വിക്കറ്റ് നഷ്ടത്തിൽ 576 റൺസെന്ന വമ്പൻ സ്കോറിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. അബ്ദുള്ള ഷഫീക്ക് (201), ആഘ സൽമാൻ (132) എന്നീ താരങ്ങൾ പാകിസ്താനുവേണ്ടി തിളങ്ങി. രണ്ടാം ഇന്നിംഗ്സിൽ ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എന്ന നിലയിലാണ്. നോമാൻ അലി പാകിസ്താനുവേണ്ടി 7 വിക്കറ്റ് വീഴ്ത്തി.