Cricket Sports

പാകിസ്താന്‍ ഇന്ന് ബംഗ്ലാദേശിനെതിരെ

സെമി ഫൈനല്‍ പ്രവേശനം വിദൂരമായ സാഹചര്യത്തില്‍ പാകിസ്താന്‍ ഇന്ന് ബംഗ്ലാദേശിനെ നേരിടും. പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള പാകിസ്താന്‍ ബംഗ്ലാദേശിനെ ഭീമന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തുകയാണെങ്കില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് സെമി ബെര്‍ത്ത് സ്വന്തമാക്കാം. ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നിനാണ് മത്സരം.

ഇംഗ്ലണ്ടിന്റെ പരാജയവും പിന്നീട് ബംഗ്ലാദേശിനെ തോല്‍പിച്ച് സെമി ഫൈനല്‍ പ്രവേശവും എന്ന പാക് സ്വപ്നങ്ങള്‍ ഏറെക്കുറെ അവസാനിച്ചു. 1992 ആവര്‍ത്തിക്കാനിരുന്ന പാകിസ്താന് ഇക്കുറി ഭാഗ്യം തുണച്ചില്ല. ബംഗ്ലാദേശിനെതിരെ ഏറെക്കുറെ അപ്രാപ്യമായ ഭീമന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ പാകിസ്താന് സെമി പ്രവേശം സാധ്യമാകൂ. എന്നാലും ബംഗ്ലാദേശിനെ നേരിടാനൊരുങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും പാകിസ്താനെ തൃപ്തരാക്കില്ല.

സ്ഥിരതയില്ലായ്മയാണ് പ്രധാന വെല്ലുവിളി. മധ്യനിരയിലെ ബാബര്‍ അസം മാത്രമാണ് വിശ്വസ്തനായ ബാറ്റ്‌സ്മാന്‍, ഓപ്പണിങില്‍ ഇമാം ഉള്‍ ഹഖും ഫഖര്‍ സമാനും ഒറ്റപ്പെട്ട മികച്ച പ്രകടനങ്ങള്‍ നടത്തിയതൊഴിച്ചാല്‍ പരാജയമാണ്. മധ്യനിരയില്‍ ക്യാപ്റ്റന്‍ സര്‍ഫറാസിനും ഹഫീസിനും കാര്യമായ പ്രകടനങ്ങള്‍ നടത്താനായിട്ടില്ല. ഇമാദ് വസിം ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങുന്നത് ആശ്വാസകരമാണ്. പാക് പേസിന്റെ പെരുമ ചരിത്രമാവുകയും ചെയ്തു.

മറുവശത്ത് ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ ബംഗ്ലാദേശ് വിജയത്തോടെ നാട്ടിലേക്ക് മടങ്ങാനാകും ശ്രമിക്കുക. ഉജ്വല ഫോമിലുള്ള ഷക്കീബുള്‍ ഹസ്സന് പിന്തുണയുമായി തമിം ഇഖ്ബാല്‍, സൗമ്യ സര്‍ക്കാര്‍, മുഷ്ഫിഖര്‍ റഹിം എന്നിവര്‍ അണിനിരക്കുന്ന ബാറ്റിംഗ് നിര, ബൗളര്‍മാരെ നയിക്കുന്നതും ഷാക്കീബ് തന്നെ, കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റ് നേടിയ മുസ്താഫിസുര്‍ റഹ്മാനും ഫോമിലാണ്. ജയത്തോടെ മടങ്ങാന്‍ ബംഗ്ലാ കടുവകള്‍ ഇറങ്ങിയാല്‍ ഇരുവരുടെയും അവസാന ലീഗ് മത്സരം കടുക്കുമെന്ന് ഉറപ്പ്.