Cricket Sports

ആരാവും ന്യൂസീലൻഡിന്റെ എതിരാളികൾ?; ഓസ്ട്രേലിയ-പാകിസ്താൻ രണ്ടാം സെമി ഇന്ന്

ടി-20 ലോകകപ്പിലെ രണ്ടാം സെമിഫൈനൽ ഇന്ന്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിൽ വിജയിക്കുന്ന ടീം കലാശപ്പോരിൽ ന്യൂസീലൻഡിനെ നേരിടും. ആദ്യ സെമിയിൽ ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ന്യൂസീലൻഡ് ഫൈനൽ പ്രവേശനം നേടിയത്. (pakistan australia world cup)

തകർപ്പൻ ഫോമിലാണ് പാകിസ്താൻ. ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ കളിയും ജയിച്ചെന്ന് മാത്രമല്ല, ഓരോ മത്സരത്തിലും ഓരോരുത്തരാണ് കളിയിലെ താരങ്ങളായത്. ടീമിലെ എല്ലാവരും പലതരത്തിൽ നിർണായക സംഭാവനകൾ നൽകുന്നു. മുഹമ്മദ് റിസ്‌വാനും ബാബർ അസമും പരാജയപ്പെട്ടപ്പോൾ പിന്നാലെ വരുന്ന ഹഫീസ്, ഷൊഐബ് എന്നിവരും അവസാനത്തിൽ ആസിഫ് അലിയും ടീമിനെ പലതവണ രക്ഷപ്പെടുത്തി. ആസിഫിൻ്റെ ഫിനിഷിംഗ് സ്കിൽ വളരെ ഗംഭീരമാണ്. ബൗളിംഗിൽ ഷഹീൻ ഷായും ഹാരിസ് റൗഫും ഹസൻ അലിയും നിർണായക പ്രകടനങ്ങൾ നടത്തുന്നു. ഇമാദ് വാസിം 4 വിക്കറ്റ് മാത്രമേ വീഴ്ത്തിയിട്ടുള്ളൂ എങ്കിലും 5.24 ആണ് താരത്തിൻ്റെ എക്കോണമി. പവർപ്ലേയിലാണ് താരം പന്തെറിയാറുള്ളത്. അതുകൊണ്ട് തന്നെ എതിരാളികളെ പവർപ്ലേ ഓവറുകളിൽ വരിഞ്ഞുമുറുക്കാൻ പാകിസ്താനു സാധിക്കുന്നു.

ഓസ്ട്രേലിയ ആവട്ടെ, അത്ര ആധികാരികമായല്ല അവസാന നാലിൽ എത്തിയത്. ദക്ഷിണാഫ്രിക്കക്കെതിരെ അവസാന ഓവറിൽ രക്ഷപ്പെട്ട അവരുടെ ദൗർബല്യങ്ങളെല്ലാം ഇംഗ്ലണ്ടിനെതിരെ വെളിപ്പെട്ടു. തുടർച്ചയായ മികച്ച പ്രകടനങ്ങളുമായി ഫോമിലേക്ക് തിരികെയെത്തിയ ഡേവിഡ് വാർണർ തന്നെയാണ് ഓസീസ് ബാറ്റിംഗിലെ സുപ്രധാന കണ്ണി. ഫിഞ്ചും ഭേദപ്പെട്ട ഫോമിലാണ്. ആദ്യ ചില മത്സരങ്ങളിൽ നിരാശപ്പെടുത്തിയെങ്കിലും വിൻഡീസിനെതിരെ ഫിഫ്റ്റിയോടെ ഫോമിലേക്ക് തിരികെയെത്തിയ മിച്ചൽ മാർഷ്, ഭേദപ്പെട്ട പ്രകടനം നടത്തുന്ന സ്റ്റീവ് സ്മിത്ത് എന്നിവരും ഓസ്ട്രേലിയക്ക് ആത്മവിശ്വാസം പകരും. സ്റ്റോയിനിസും ഫോമിലാണ്. മാക്സ്‌വലിൻ്റെ ഫോം ഓസ്ട്രേലിയയെ അലട്ടുന്നുണ്ടെങ്കിലും കാര്യമായ അവസരങ്ങൾ താരത്തിനു ലഭിച്ചിട്ടില്ല. ബൗളിംഗിൽ സ്റ്റാർക്കും സാമ്പയും തകർപ്പൻ ഫോമിൽ നിൽക്കുമ്പോൾ കമ്മിൻസും ഹേസൽവുഡും മോശമല്ലാത്ത പ്രകടനങ്ങൾ നടത്തുന്നു.

ഇരുവരും പരസ്പരം ഏറ്റുമുട്ടിയ ഐസിസി ഇവൻ്റുകളുടെ നോക്കൗട്ട് ഘട്ടം പരിഗണിക്കുമ്പോൾ മുൻതൂക്കം ഓസ്ട്രേലിയക്കാണ്. ഒരൊറ്റ തവണ പോലും പാകിസ്താന് വിജയിക്കാനായിട്ടില്ല. അതേസമയം, ടി-20 ലോകകപ്പിൽ ഇരു ടീമും മൂന്ന് തവണ വീതം വിജയിച്ചു. ആകെ കണക്കിൽ പാകിസ്താൻ 13 തവണയും ഓസ്ട്രേലിയ 9 തവണയുമാണ് വിജയിച്ചിട്ടുള്ളത്.