ലോകകപ്പില്‍ ഇന്ന് പാകിസ്താന്‍ ഇറങ്ങുന്നു. വെസ്റ്റിന്‍ഡീസാണ് എതിരാളികള്‍. ട്രെന്‍ഡ് ബ്രിഡ്ജില്‍ ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം തുടങ്ങുക.
സമീപകാലത്ത് തിരിച്ചടികളിലൂടെ കടന്ന് പോയ രണ്ട് ടീമുകള്‍ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തില്‍ നേര്‍ക്ക് നേര്‍ വരികയാണ്. അപ്രവചനീയതയാണ് ഇരു ടീമുകളുടേയും മുഖമുദ്ര. ആരെയും തോല്‍പ്പിക്കും. ആരോടും തോല്‍ക്കും.
റസല്‍, ഗെയില്‍, പൊള്ളാര്‍ഡ്, ഹെറ്റ്മെയര്‍.. അങ്ങനെ കൂറ്റനടിക്കാരുടെ ഒരു അക്ഷയഖനിയാണ് വിന്‍ഡീസ് ടീം. സന്നാഹമത്സരത്തില്‍ ന്യൂസിലന്‍റിനെതിരെ 421 റണ്‍സ് അടിച്ച കരീബിയന്‍ സംഘം എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
യുവരക്തങ്ങളുടെ തിളപ്പില്‍ കളംപിടിക്കാനാണ് പാകിസ്താന്‍റെ വരവ്. ഇമാം ഉല്‍ ഹഖും, ബാബര്‍ അസവുമെല്ലാം ബാറ്റിങില്‍ വലിയ പ്രതീക്ഷകളാണ്. ബൌളിംഗില്‍ പതിവ് കരുത്തില്ലെന്നത് വലയ്ക്കുന്നു.
ടൈറ്റില്‍ ഫേവറൈറ്റുകളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലില്ല ഇരുടീമുകളും. പക്ഷേ, തങ്ങളുടേതായ ദിവസത്തില്‍ ആരെയും വീഴിത്തി അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നവരാണ്. സമ്പന്നമായ ആ ക്രിക്കറ്റ് പാരമ്പര്യത്തിലേക്ക് ഒരു പിന്‍നടത്തം പ്രതീക്ഷിച്ച് പാകിസ്താനും വെസ്റ്റിന്‍ഡീസും പാഡ് കെട്ടുമ്പോള്‍ പറയാനുള്ളത് പതിവ് വാക്ക് തന്നെ. അപ്രവചനീയം.