Cricket Sports

ജാമിഅ വിദ്യാര്‍ഥികളെ അനുകൂലിച്ചുള്ള ട്വീറ്റിനെ ന്യായീകരിച്ച് ഇര്‍ഫാന്‍ പത്താന്‍

ജാമിഅ വിദ്യാര്‍ഥികളെ അനുകൂലിച്ചുള്ള ട്വീറ്റിനെ ന്യായീകരിച്ച് ഇര്‍ഫാന്‍ പത്താന്‍ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ ചൊല്ലി ആശങ്കയുണ്ടെന്ന് ട്വീറ്റ് ചെയ്ത ഇര്‍ഫാന്‍ പത്താന് സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് നേരിടേണ്ടിവന്നത്. വിമര്‍ശങ്ങള്‍ക്കിടയിലും സ്വന്തം നിലപാടില്‍ ഉറച്ചു നിന്നുകൊണ്ട് കാര്യങ്ങള്‍ വിശദീകരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്താരം.ഇന്ത്യന്‍ എക്‌സ്പ്രസ് പ്രതിനിധിക്ക് നല്‍കിയ അഭിമുഖത്തിലാണ് പത്താന്‍ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.

സ്‌നേഹമാണ് പ്രചരിപ്പിക്കേണ്ടതെന്നും ശാന്തരായിരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ഇര്‍ഫാന്‍ പത്താന്‍ ഓര്‍മ്മിപ്പിക്കുന്നു. പാകിസ്താനില്‍ ക്രിക്കറ്റ് കളിക്കാന്‍ പോയപ്പോഴുണ്ടായ ഒരു അനുഭവം പറഞ്ഞാണ് ഇര്‍ഫാന്‍ തുടങ്ങുന്നത്. മത്സരങ്ങള്‍ക്കിടയിലെ ഇടവേളയില്‍ ലാഹോറിലെ ഒരു കോളജിലെ വിദ്യാര്‍ഥികളുമായുള്ള സംവാദത്തില്‍ പങ്കെടുക്കാന്‍ ദ്രാവിഡും ബാലാജിയും പാര്‍ഥിവ് പട്ടേലും പത്താനും കൂടി പോയി.

ചോദ്യങ്ങള്‍ക്കിടെ ഒരു വിദ്യാര്‍ഥിനി അല്‍പം ദേഷ്യത്തോടെ തന്നെ എഴുന്നേറ്റ് നിന്ന് ചോദിച്ചു. ‘മുസ്‌ലിമായിട്ടും നിങ്ങള്‍ ഇന്ത്യക്കുവേണ്ടി എന്തിനാണ് കളിക്കുന്നത്?’ എന്നതായിരുന്നു അവരുടെ സംശയം. നിവര്‍ന്നു നിന്നു തന്നെയാണ് ഞാന്‍ അതിന് മറുപടി നല്‍കിയത്. എന്റെ പൂര്‍വ്വികര്‍ ജനിച്ചു വളര്‍ന്ന നാടാണ് ഇന്ത്യ. രാജ്യത്തെ പ്രതിനിധീകരിക്കുന്നത് ഞാന്‍ നല്‍കുന്ന എന്തെങ്കിലും ഔദാര്യമല്ല, അത് എനിക്ക് ലഭിച്ച മഹാഭാഗ്യമാണ്. ഇന്ത്യയെ പ്രതിനിധീകരിക്കുന്നതില്‍ അഭിമാനം മാത്രമേയുള്ളൂ. എന്ന് മറുപടി നല്‍കിയപ്പോള്‍ മുഴുവന്‍ കോളജും കയ്യടികളോടെയാണ് അത് സ്വീകരിച്ചത്.

പാകിസ്താനില്‍ വെച്ച് ഇതുപോലെ അഭിപ്രായം തുറന്നുപറയാന്‍ സാധിക്കുമെങ്കില്‍ എന്റെ സ്വന്തം രാജ്യത്തും അതിന് സാധിക്കണം. ഞാന്‍ എന്റെ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുള്ളയാളാണ്. ചിലരെങ്കിലും അത് ഓര്‍ക്കണം. പന്തെറിയാന്‍ ഓടിവരുമ്പോള്‍ മുസ്‌ലിമാണെന്ന് ചിന്തിച്ചല്ല വരുന്നത്. മറിച്ച് ഇന്ത്യക്കുവേണ്ടി കളിക്കുന്ന കളിക്കാരനെന്ന നിലയ്ക്കാണ്. മറ്റെന്തിനേക്കാളും മുന്നേ ഞാന്‍ ഇന്ത്യക്കാരനാണ്.

പൗരത്വ ബില്ലിനെതിരെ സമരം ചെയ്ത ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥികളെ കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് ക്രൂരമായി ലാത്തിച്ചാര്‍ജ്ജ് ചെയ്യുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. പൊലീസ് നടപടിയില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതിന് പിന്നാലെയായിരുന്നു ഇര്‍ഫാന്‍ പത്താന്റെ ട്വീറ്റ്

‘പരസ്പരം കുറ്റപ്പെടുത്തുന്ന രാഷ്ട്രീയകളികള്‍ തുടരും. എനിക്കും എന്റെ രാജ്യത്തിനും ജാമിയ മില്ലിയയിലെ കുട്ടികളെ ഓര്‍ത്താണ് ആശങ്ക’ എന്നാണ് പത്താന്റെ ട്വീറ്റ്.

എന്റെ ഈ ട്വീറ്റില്‍ എന്തെങ്കിലും വിദ്വേഷജനകമായിട്ടുണ്ടോ? അങ്ങനെ ഒരുവാക്കു പോലും ഉണ്ടെന്ന് കണ്ടെത്തിയാല്‍ ആ നിമിഷം ഞാന്‍ സോഷ്യല്‍മീഡിയയില്‍ നിന്നും പിന്‍വാങ്ങുമെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

കൂടുതല്‍ പേരുടെ ശ്രദ്ധ ഈ വിഷയത്തിലെത്താന്‍ വേണ്ടി തന്നെയാണ് ട്വീറ്റ് ചെയ്തതെന്ന് പറഞ്ഞ പത്താന്‍ കുട്ടികളില്‍ ഒരാളുടെ പോലും ജീവന്‍ നഷ്ടമാകരുതെന്നും ഓര്‍മ്മിപ്പിച്ചു. ‘ജാമിയയിലെ കുട്ടികള്‍ നമ്മുടേതല്ലേ? ഐ.ഐ.എമ്മില്‍ പഠിക്കുന്നവര്‍ നമ്മുടെ കുട്ടികളല്ലേ? കശ്മീരിലേയും വടക്കുകിഴക്കേ ഇന്ത്യയിലേയും ഗുജറാത്തിലേയും കുട്ടികള്‍ നമ്മുടേതല്ല? ഇവരെല്ലാം നമ്മുടെ കുട്ടികളാണ്’ പത്താന്‍ പറഞ്ഞു.

മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ വിശദമായി നോക്കിയ ശേഷമാണ് താന്‍ പ്രതികരിച്ചത്. വിദ്യാര്‍ഥികള്‍ അക്രമം കാണിക്കുന്നുണ്ടെങ്കില്‍ അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ നമുക്ക് സാധിക്കണം. അല്ലാതെ അടിച്ചൊതുക്കുകയല്ല വേണ്ടത്. ഇനി വിദ്യാര്‍ഥികള്‍ സമാധാനപരമായാണ് പ്രതിഷേധിക്കുന്നതെങ്കില്‍ എന്താണ് തെറ്റ്? സമാധാനപരമായ പ്രതിഷേധങ്ങളെ നമ്മുടെ രാജ്യം അനുവദിച്ചിട്ടുള്ളതാണെന്നും ഇര്‍ഫാന്‍ പത്താന്‍ ഓര്‍മ്മിപ്പിച്ചു.