Cricket Sports

വിരമിക്കാന്‍ തല്‍ക്കാലും ഉദ്ദേശമില്ലെന്ന് മഷ്റഫെ മുര്‍ത്താസ

ലോകകപ്പിന് ശേഷം വിരമിക്കാന്‍ തല്‍ക്കാലം ഉദ്ദേശമില്ലെന്ന് ബംഗ്ലാദേശ് ക്യാപ്ടന്‍ മുഷ്റഫെ മുര്‍ത്താസ. തന്റെ വിരമിക്കല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ടീമിനെ അസ്വസ്ഥമാക്കുമെന്നും ലോകകപ്പിലെ മത്സരങ്ങളില്‍ ശ്രദ്ധയൂന്നാനാണ് ശ്രമമെന്നും മുര്‍ത്താസ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റിന്‍ഡീസിനും എതിരെ നേടിയ വമ്പന്‍ ജയങ്ങളടക്കം ഏഴ് പോയിന്റുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ബംഗ്ലാദേശ്. ഈ അവസരത്തിലാണ് ക്യാപ്ടന്‍ മുഷ്റഫെ മുര്‍ത്താസയുടെ വിരമിക്കല്‍ സംബന്ധിച്ച ചര്‍ച്ചകളും സജീവമാകുന്നത്. 35 വയസ്സുള്ള മുര്‍ത്താസ ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ വിരമിക്കല്‍ തീരുമാനം ഉടനില്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അനുവദിച്ചാല്‍ തുടര്‍ന്നും കളിക്കാനാണ് താല്‍പര്യമെന്നും മുര്‍ത്താസ വ്യക്തമാക്കി. മുര്‍ത്താസയുടെ നായകത്വത്തില്‍ ബംഗ്ലാദേശ് ലോകകപ്പില്‍ മികച്ച പ്രകടനം നടത്തുമ്പോഴും ക്യാപ്ടന്റെ വ്യക്തിഗത പ്രകടനം മോശമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. 18 വര്‍ഷം മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയ മുര്‍ത്താസ ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ പങ്കെടുക്കാതെയാണ് ദേശീയ ടീമിന്റെ ഭാഗമായത്. 2009 ജൂണിലാണ് മൊര്‍ത്താസ ബംഗ്ലാദേശ് ക്യാപ്ടനായി ആദ്യം നിയമിതനായത്.