ക്രീസിന് പുറത്തേക്കിറങ്ങി പന്തെറിയുന്നവര്‍ ഇനി മുതല്‍ സൂക്ഷിക്കുക. ഫീല്‍ഡ് അമ്പയര്‍ കണ്ടില്ലെങ്കിലും നോബോള്‍ കണ്ടു പിടിക്കാന്‍ തേഡ് അമ്പയറുണ്ടാകും. ഫ്രണ്ട്ഫൂട്ട്-നോബോള്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍ തീരുമാനമെടുത്തു.
ഇംഗ്ലണ്ട്-പാകിസ്ഥാന്‍ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഫ്രണ്ട് ഫൂട്ട് നോ-ബോൾ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് ഐ.സി.സി മീഡിയ ട്വീറ്റ് ചെയ്തു. ക്രിക്കറ്റിന്‍റെ മുഴുവന്‍ ഫോര്‍മാറ്റിലും ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത് സംബദ്ധിച്ച തീരുമാനമെടുക്കുന്നതിനും ഈ പരമ്പരയിലെ സാങ്കേതികവിദ്യയുടെ പ്രകടനം അവലോകനം ചെയ്യും.
മൂന്ന് ടെസ്റ്റുകളടങ്ങിയ ഇംഗ്ലണ്ട് – പാകിസ്താൻ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് വൈകിട്ട് 3.30 മുതൽ മാഞ്ചെസ്റ്ററിലെ ഓൾഡ് ട്രാഫഡിൽ നടക്കും. കഴിഞ്ഞമാസം വെസ്റ്റിൻഡീസിനെതിരെ നടന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് (2-1) വിജയിച്ചിരുന്നു. ഐ.സി.സി. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി നടക്കുന്ന പരമ്പരയിലാണ് ടീമുകള്‍ ഏറ്റുമുട്ടുന്നത്.