Cricket Sports

ഗംഭീര സെഞ്ചുറിയുമായി അമേലിയ കെർ;

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ന്യൂസീലൻഡിന് തകർപ്പൻ ജയം. 4 വിക്കറ്റിനാണ് കിവീസ് ഇന്ത്യയെ കീഴടക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ന്യൂസീലൻഡ് 2-0നു മുന്നിലെത്തി. ഇന്ത്യ മുന്നോട്ടുവച്ച 271 റൺസ് പിന്തുടർന്ന ന്യൂസീലൻഡ് 49 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. യുവ താരം അമേലിയ കെർ 119 റൺസെടുത്ത് പുറത്താവാതെ നിന്നു. കെർ ആണ് കളിയിലെ താരം. ഇന്ത്യക്കായി ദീപ്തി ശർമ്മ നാല് വിക്കറ്റ് വീഴ്ത്തി.

റെക്കോർഡ് ചേസിലേക്ക് തകർപ്പൻ തുടക്കമാണ് ന്യൂസീലൻഡിനു ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ 9 റൺസ് നേടിയ കിവീസിന് ഇടക്കിടെ വിക്കറ്റ് നഷ്ടമായെങ്കിലും റൺ നിരക്ക് താഴാതെ സ്കോർ ഉയർത്താൻ സാധിച്ചു. സൂസി ബേറ്റ്സ് (16), സോഫി ഡിവൈൻ (33), ആമി സാറ്റെർത്‌വൈറ്റ് (0) എന്നിവർ വേഗം മടങ്ങിയെങ്കിലും ഒരു വശത്ത് ഉറച്ചുനിന്ന അമേലിയ കെർ ന്യൂസീലൻഡ് ഇന്നിംഗ്സിൻ്റെ ചുമതല ഏറ്റെടുത്തു. 3 വിക്കറ്റ് നഷ്ടത്തിൽ 55 റൺസെന്ന നിലയിൽ പതറിയ ന്യൂസീലൻഡിനെ നാലാം വിക്കറ്റിൽ കെറും മാഡീ ഗ്രീനും ചേർന്ന 118 റൺസിൻ്റെ കൂട്ടുകെട്ടാണ് കരകയറ്റിയത്. ഫിഫ്റ്റിക്ക് പിന്നാലെ മാഡി ഗ്രീൻ പുറത്തായി.

ബ്രൂക്ക് ഹാലിഡേ (13), കെയ്റ്റി മാർട്ടിൻ (20), ഹെയ്‌ലി ജെൻസൺ (4) എന്നിവരൊക്കെ വേഗം മടങ്ങിയെങ്കിലും അമേലിയ കീഴടങ്ങാൻ കൂട്ടാക്കിയില്ല. ഒരേസമയം ആക്രമിച്ചും ഉത്തരവാദിത്തത്തോടെയും കളിച്ച താരം ന്യൂസീലൻഡിനെ തകർപ്പൻ വിജയത്തിലെത്തിക്കുകയായിരുന്നു. അവസാന സമയങ്ങളിലെ മോശം ഫീൽഡിംഗ് ഇന്ത്യക്ക് തിരിച്ചടിയായി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിലാണ് 270 റൺസ് നേടിയത്. ന്യൂസീലൻഡിനെതിരെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഏകദിന സ്കോറാണ് ഇത്. ഇന്ത്യക്കായി 66 റൺസെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റൻ മിതാലി രാജ് ടോപ്പ് സ്കോററായപ്പോൾ റിച്ച ഘോഷ് 65 റൺസെടുത്ത് പുറത്തായി. ഓപ്പണർ സബിനേനി മേഘന ഫിഫ്റ്റിക്ക് ഒരു റൺ അകലെ വീണു. കിവീസിനായി സോഫി ഡിവൈൻ രണ്ട് വിക്കറ്റ് വീഴ്ത്തി.