ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പ്രഥമ കിരീടം ന്യൂസീലൻഡിന്. പൂർണമായും മഴ മാറിനിന്ന റിസർവ് ദിനത്തിൽ ഇന്ത്യ മുന്നോട്ടുവച്ച 139 റൺസിൻ്റെ വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ, 7.1 ഓവറുകൾ ബാക്കിനിർത്തി കിവീസ് മറികടക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ടെയ്‌ലറും വില്ല്യംസണും ചേർന്ന കൂട്ടുകെട്ടാണ് കിവീസിനെ ജയത്തിലേക്ക് നയിച്ചത്. വില്ല്യംസൺ 52 റൺസെടുത്തപ്പോൾ ടെയ്‌ലർ 47 റൺസ് നേടി. ഇന്ത്യക്കായി ആർ അശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തി. ന്യൂസീലൻഡിൻ്റെ ആദ്യ ഐസിസി ലോക കിരീടമാണ് ഇത്.
അനായാസമായിരുന്നു ന്യൂസീലൻഡിൻ്റെ കിരീടധാരണം. ഇക്കാലമത്രയും കയ്യിൽ നിന്ന് വഴുതിപ്പോയ ലോക കിരീടം എങ്ങനെയും സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ കിവീസ് അച്ചടക്കത്തോടെയാണ് കളിച്ചത്. ഏകദിന ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയെ കീഴടക്കി ഫൈനലിലെത്തി, ഫൈനലിൽ ഇംഗ്ലണ്ടിനോട് നേരിയ മാർജിനിൽ പരാജയപ്പെട്ടതിൻ്റെ നിരാശ കഴുകിക്കളയുന്ന വിജയമായി ഇത്. നിർണായക മത്സരത്തിൽ ഫോമിലേക്കുയർന്ന ടീമിലെ രണ്ട് സീനിയർ താരങ്ങൾ കളിയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ ഇന്ത്യ പൂർണമായും ബാക്ക്ഫൂട്ടിലായിക്കഴിഞ്ഞിരുന്നു. എവേ ടെസ്റ്റുകളിലെ മോശം പ്രകടനം കഴുകിക്കളഞ്ഞ നായകൻ കെയിൻ വില്ല്യംസണിൻ്റെ ഫോം കിവീസിൻ്റെ ആത്മവിശ്വാസത്തിൻ്റെയും വിജയദാഹത്തിൻ്റെയും ഉദാഹരണമായി.
53 ഓവറിൽ 139 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലൻഡിനായി ഓപ്പണർമാരായ ടോം ലാതവും ഡെവോൺ കോൺവേയും ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകി. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 33 റൺസാണ് കണ്ടെത്തിയത്. ലാതമിനെ (9) പുറത്താക്കി അശ്വിനാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക്‌ത്രൂ നൽകിയത്. അശ്വിനെ ക്രീസ് വിട്ടിറങ്ങി പ്രഹരിക്കാനൊരുങ്ങിയ ലാതമിനെ പന്ത് സ്റ്റമ്പ് ചെയ്യുകയായിരുന്നു. 11 റൺസ് എടുക്കുന്നതിനിടെ കോൺവേയും മടങ്ങി. 19 റൺസെടുത്ത താരത്തെ അശ്വിൻ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു.
മൂന്നാം വിക്കറ്റിൽ ക്രീസിൽ ഒരുമിച്ച വില്ല്യംസണും ടെയ്‌ലറും ടീമിൽ ഏറ്റവുമധികം അനുഭവസമ്പത്തുള്ള താരങ്ങളെന്ന സ്ഥാനം കൃത്യമായി അരക്കിട്ടുറപ്പിച്ചു. വിജയലക്ഷ്യം കൃത്യമായി മനസ്സിലാക്കി ബാറ്റ് വീശിയ ഇരുവരും ചേർന്ന് റൺസാണ് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. വല്ലപ്പോഴും ലഭിച്ച ചില അവസരങ്ങൾ ഇന്ത്യക്ക് മുതലാക്കാൻ കഴിയാതിരുന്നത് മാറ്റിനിർത്തിയാൽ വില്ല്യംസണും ടെയിലറും ആധികാരികമായാണ് ബാറ്റ് വീശിയത്. വിജയലക്ഷ്യത്തിലേക്ക് 6 റൺസ് മാത്രം ആവശ്യമായിരിക്കെ വില്ല്യംസൺ ഫിഫ്റ്റി നേടി. 46ആം ഓവറിൽ അഞ്ചാം പന്തിൽ മുഹമ്മദ് ഷമിക്കെതിരെ ബൗണ്ടറി നേടിയ റോസ് ടെയ്‌ലറാണ് കിവീസിനെ വിജയതീരമണച്ചത്. ഇരുവരും ചേർന്ന് വിക്കറ്റിൽ അപരാജിതമായ 96 റൺസാണ് കൂട്ടിച്ചേർത്തത്.