ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റിലും ന്യൂസിലന്റ് ഒരുക്കിയ തിരക്കഥ ഒന്നു തന്നെയായിരുന്നു. പേസര്‍മാരെ കയ്യയച്ച് സഹായിക്കുന്ന പച്ച പിച്ച് ഒരുക്കുക, പേസിലും ബൗണ്‍സിലും കുടുക്കി പുറത്താക്കുക. കിവീസ് പദ്ധതി മനസിലായിട്ടും മറുപടിയുണ്ടായില്ല ഇന്ത്യക്ക്. വെല്ലിംങ്ടണിലെ തോല്‍വി പത്തുവിക്കറ്റിനാണെങ്കില്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ ഏഴ് വിക്കറ്റിലേക്ക് കുറഞ്ഞെന്ന വ്യത്യാസം മാത്രം.
സ്‌കോര്‍
ഇന്ത്യ 242&124
ന്യൂസിലന്റ് 235&132/3
പദ്ധതിക്കനുസരിച്ച് കളിച്ച ന്യൂസിലന്റ് ബൗളര്‍മാരും ഓപണിംങ് ബാറ്റ്‌സ്മാന്മാരും വാലറ്റത്തെ അപ്രതീക്ഷിത ചെറുത്തു നില്‍പും ചേര്‍ന്നാണ് കിവീസിന് രണ്ടാം ടെസ്റ്റിലും ജയമൊരുക്കിയത്. രണ്ട് ഇന്നിംങ്‌സിലുമായി 189 റണ്‍സ് അടിച്ച ഓപണേഴ്സ് ലാഥമും ബ്ലണ്ടലും ചേര്‍ന്നാണ് ഇന്ത്യയുടെ സാധ്യതകള്‍ തീരെ ഇല്ലാതാക്കിയത്. ബാക്കിയുള്ള കിവീസ് ബാറ്റ്‌സ്മാന്മാര്‍ എല്ലാവരും കൂടി 178 റണ്‍സ് മാത്രമാണ് ആകെ എടുത്തത്. രണ്ട് ടോസും ജയിച്ച് ഇന്ത്യയെ ബാറ്റിംങിനയക്കാന്‍ ന്യൂസിലന്റിനായെന്നതും നിര്‍ണ്ണായകമായി.
ആദ്യ ഇന്നിംങ്‌സില്‍ അവസാന രണ്ട് വിക്കറ്റില്‍ നേടിയ 60 റണ്‍സും പ്രത്യേകിച്ച് ജമെയ്‌സണിന്റെ(49) റണ്‍സും ഇന്ത്യക്ക് ലഭിക്കുമായിരുന്ന ഭേദപ്പെട്ട ലീഡ് ഏഴ് റണ്‍സില്‍ ഒതുക്കുകയായിരുന്നു. ഒന്നാം ഇന്നിംങ്‌സില്‍ ഇന്ത്യയുടെ അഞ്ച് വിക്കറ്റ് വീഴ്ത്തുക കൂടി ചെയ്ത ജമെയ്‌സണ്‍ തന്നെയാണ് ടെസ്റ്റിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടതും. ടെസ്റ്റ് പരമ്പരയിലെ താരം ടിം സൗത്തിയാണ്.
രണ്ടാം ഇന്നിംങ്‌സില്‍ ബാറ്റിംങ് തകര്‍ച്ച തുടര്‍ക്കഥയായപ്പോള്‍ ഇന്ത്യ കൂടാരം കയറിയത് വെറും 124 റണ്‍സിന്. വിദേശ പിച്ചുകളില്‍ പ്രത്യേകിച്ച് പേസും ബൗണ്‍സുമുള്ള പച്ച പിച്ചുകളില്‍ ഇന്ത്യന്‍ ബാറ്റിംങ് പുലികള്‍ പൂച്ചകളാണെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചാണ് ന്യൂസിലന്റ് പര്യേടനം അവസാനിക്കുന്നത്. രണ്ട് ടെസ്റ്റുകളും ഒന്നര ദിവസം ബാക്കി നില്‍ക്കെയാണ് ഇന്ത്യ തോല്‍വി സമ്മതിച്ചത്.
പച്ചപ്പും ഈര്‍പ്പവും നഷ്ടപ്പെട്ട് അവസാന ദിവസത്തില്‍ ബാറ്റിംങിന് അനുകൂലമാകാന്‍ സാധ്യതയുള്ള പിച്ചില്‍ മൂന്നര ദിവസത്തിനുള്ളില്‍ കളി തീര്‍ക്കുകയെന്ന ലക്ഷ്യത്തിലായിരുന്നു ന്യൂസിലന്റ് കളിച്ചതും. പ്രതിരോധിച്ച് പരമാവധി പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു ഇന്ത്യന്‍ ബാറ്റ്സ്മാന്മാരില്‍ ഭൂരിഭാഗവും ചെയ്തത്. ന്യൂസിലന്റാകട്ടെ കിട്ടിയ ഒരു സ്കോറിംങ് അവസരവും നഷ്ടമാക്കാതെ റണ്‍ അടിക്കാനാണ് നോക്കിയത്.
ടി20 പരമ്പര 5-0ത്തിന് തോറ്റശേഷം ഗംഭീര തിരിച്ചുവരവാണ് ന്യൂസിലന്റ് നടത്തിയത്. ഏകദിന പരമ്പര 3-0ത്തിന് സ്വന്തമാക്കിയ കിവീസ് ടെസ്റ്റ് പരമ്പര കൂടി 2-0ത്തിന് നേടിക്കൊണ്ട് ടി20യിലെ ക്ഷീണം മുഴുവനായി തീര്‍ത്തു. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 120 പോയിന്റ് ന്യൂസിലന്റ് നേടി. ടെസ്റ്റ് റാങ്കിംങില്‍ രണ്ടാം സ്ഥാനത്തേക്കുയരാനും ഈ വിജയങ്ങള്‍ കൊണ്ട് കിവീസിനായി.