Cricket Sports

രാഹുലിന്റെ സെഞ്ചുറി പാഴായി, ന്യൂസിലന്റിന് അഞ്ച് വിക്കറ്റ് ജയം

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരം അഞ്ച് വിക്കറ്റിന് ജയിച്ച് ന്യൂസിലന്റ് പരമ്പര 3-0ത്തിന് തൂത്തുവാരി. ഇന്ത്യ ഉയര്‍ത്തിയ 298 റണ്‍സ് വിജയലക്ഷ്യം കിവീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 47.1 ഓവറില്‍ മറികടക്കുകയായിരുന്നു. ഗുപ്റ്റില്‍(46 പന്തില്‍ 66), നിക്കോള്‍സ്(103 പന്തില്‍ 80) ഗ്രാന്‍ഡ്‌ഹോം(28 പന്തില്‍ 58) എന്നിവരുടെ ബാറ്റിംങാണ് ന്യൂസിലന്റ് ജയം അനായാസമാക്കി മാറ്റിയത്.

ഇന്ത്യ ഉയര്‍ത്തിയ 298 റണ്‍ വിജയലക്ഷ്യത്തിലേക്ക് അതിവേഗത്തിലാണ് ന്യൂസിലന്റ് തുടങ്ങിയത്. 16.3 ഓവറില്‍ ആദ്യ വിക്കറ്റായി ഗപ്റ്റില്‍ പുറത്താകുമ്പോഴേക്കും സ്‌കോര്‍ബോര്‍ഡില്‍ 106 റണ്‍സായിരുന്നു. ക്ഷമയോടെ ക്രീസില്‍ നിന്ന നീഷാം(80) കളി കിവീസിന്റെ കയ്യില്‍ ഭദ്രമാണെന്ന് ഉറപ്പിച്ചു. കെയ്ന്‍ വില്യംസണും(22), ടെയ്‌ലര്‍ക്കും(12), നീഷാമിനും(19) കാര്യമായ പ്രകടനം നടത്താനായില്ല. നീഷാം പുറത്തായെങ്കിലും ലാഥമും(34 പന്തില്‍ 32) കൂറ്റനടിക്കാരന്‍ ഗ്രാന്റ്‌ഹോമും(28 പന്തില്‍ 58, 4*6, 3*6) ചേര്‍ന്ന് കിവീസിനെ വിജയിപ്പിച്ചു.

ഇന്ത്യന്‍ ബൗളര്‍മാരില്‍ ചിലരെ തിരഞ്ഞു പിടിച്ചായിരുന്നു കിവീസ് ആക്രമണം. ബുംറയേയും ചഹാലിനേയും ജഡേജയേയും വെറുതേ വിട്ടപ്പോള്‍ സെയ്‌നിയും താക്കൂറും അടികൊണ്ടു വലഞ്ഞു. 9.1 ഓവര്‍ എറിഞ്ഞ താക്കൂര്‍ 87 റണ്‍സാണ് വഴങ്ങിയത്. എട്ട് ഓവറില്‍ 68 റണ്‍ സെയ്‌നിയും വഴങ്ങി. ചഹാല്‍ മൂന്ന് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ കെ.എല്‍ രാഹുലിന്റെ നാലാം ഏകദിന സെഞ്ചുറിയുടെ മികവിലാണ് 7 വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍ നേടിയത്. ശ്രേയസ് അയ്യര്‍ (63 പന്തില്‍ 62) അര്‍ധ സെഞ്ചുറി നേടി. ബേ ഓവലില്‍ ടോസ് നേടിയ ന്യൂസിലന്റ് ബൗളിംങ് തെരഞ്ഞെടുക്കുകയായിരുന്നു.

113 പന്തുകളില്‍ നിന്നാണ് അഞ്ചാമനായിറങ്ങിയ കെ.എല്‍ രാഹുല്‍ 112 റണ്‍ അടിച്ചത്. ഒമ്പത് ഫോറും രണ്ട് സിക്‌സും രാഹുല്‍ നേടി. മനീഷ് പാണ്ഡെക്കൊപ്പം 107 റണ്‍സിന്റെ കൂട്ടുകെട്ടും നിര്‍ണ്ണായകമായ അഞ്ചാം വിക്കറ്റിലും ശ്രേയസിനൊപ്പം 100 റണ്‍സിന്റെ നാലാം വിക്കറ്റിലും രാഹുല്‍ പങ്കാളിയായി.

47ആം ഓവറില്‍ കെ.എല്‍ രാഹുലിനേയും മനീഷ് പാണ്ഡെയേയും തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കി ബെന്നറ്റാണ് ന്യൂസിലന്റിന് മത്സരത്തിന്റെ അവസാനഘട്ടത്തില്‍ മുന്‍തൂക്കം നല്‍കിയത്. അവസാനത്തെ 21 പന്തില്‍ 27 റണ്‍ മാത്രമാണ് ഇന്ത്യക്ക് നേടാനായത്. ഇതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. ബെന്നറ്റ് നാല് വിക്കറ്റും ജമെയ്‌സനും നീഷാമും ഓരോ വിക്കറ്റുകളും നേടി.

നേരത്തെ ടി20 പരമ്പര ഇന്ത്യ 5-0ത്തിന് തൂത്തുവാരിയതിന്റെ ക്ഷീണം തീര്‍ക്കുന്ന പ്രകടനമായിരുന്നു ന്യൂസിലന്റ് ഏകദിനത്തില്‍ നടത്തിയത്. അമിത ആവേശം കാണിക്കാതെ 103 പന്തില്‍ വിലപ്പെട്ട 80 റണ്‍ നേടിയ ഓപണര്‍ നീഷാമാണ് കളിയിലെ താരം. റോസ് ടെയ്‌ലര്‍ ഏകദിന പരമ്പരയിലെ താരമായി.