Cricket Sports

ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ കിവീസിന് 10 വിക്കറ്റ് ജയം

ബാസിന്‍ റിസര്‍വില്‍ അത്ഭുതങ്ങളൊന്നുമുണ്ടായില്ല. കിവീസ് പേസര്‍മാര്‍ക്ക് മുന്നില്‍ രണ്ട് ഇന്നിംങ്‌സിലും ഇന്ത്യയുടെ ബാറ്റിംങ് തകര്‍ന്നടിഞ്ഞു. ന്യൂസിലന്റ് ആദ്യ ടെസ്റ്റില്‍ അനായാസം പത്തുവിക്കറ്റ് ജയം നേടി. ഒന്നര ദിവസം ബാക്കിവെച്ചാണ് ന്യൂസിലന്റ് വിജയം സ്വന്തമാക്കിയത്.

ടോസ് മുതല്‍ ഇന്ത്യക്ക് അനുകൂലമായിരുന്നില്ല കാര്യങ്ങള്‍. നിര്‍ണ്ണായകമായ ടോസ് നേടിയ കെയ്ന്‍ വില്യംസണ്‍ ഇന്ത്യയെ ബാറ്റിംങിനയച്ചു. മഴമൂലം 55 ഓവര്‍ മാത്രമേ ആദ്യ ദിനം എറിയാനായുള്ളൂ എങ്കിലും ഇന്ത്യ 5ന് 122ലെത്തിയിരുന്നു. പിന്നീടൊരു സെഷനില്‍ പോലും ഇന്ത്യക്ക് ആധികാരികമായ പ്രകടനം നടത്താനായില്ല.

ആദ്യ ഇന്നിംങ്‌സ് ഇന്ത്യ 165ന് ഓള്‍ ഔട്ടായി. മറുപടിക്കിറങ്ങിയ ന്യൂസിലന്റ് ഒരുഘട്ടത്തില്‍ 6ന് 216 എന്ന നിലയിലായിരുന്നു. 240നുള്ളില്‍ കിവീസിനെ ഓള്‍ ഔട്ടാക്കിയിരുന്നെങ്കില്‍ പൊരുതാമെന്ന പ്രതീക്ഷയെങ്കിലുമുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയെ തകര്‍ത്ത അതേ ബൗളര്‍മാര്‍ അപ്രതീക്ഷിതമായി ബാറ്റുവീശിയപ്പോള്‍ അവസാന നാലുവിക്കറ്റില്‍ കിവീസ് നേടിയത് 132 റണ്‍സ്. ജാമിസന്റേയും(45 പന്തില്‍ 44), ബൗള്‍ട്ടിന്റേയും(24 പന്തില്‍ 38) ബാറ്റിംങ് നിര്‍ണ്ണായകമായി.

ബാറ്റിംങില്‍ ആദ്യ ഇന്നിംങ്‌സിന്റെ പകര്‍പ്പായിരുന്നു ഇന്ത്യയുടെ രണ്ടാം ഇന്നിംങ്‌സും. മായങ്ക് അഗര്‍വാള്‍(58) നേടിയ അര്‍ധ സെഞ്ചുറി മാത്രമേ നേരിയ വ്യത്യാസമുണ്ടാക്കിയുള്ളൂ. ഇന്ത്യ 191ന് ഓള്‍ ഔട്ട്. ജയിക്കാന്‍ വേണ്ട ഒമ്പത് റണ്‍സ് പത്ത് പന്തില്‍ ന്യൂസിലന്റ് നേടി. തങ്ങളുടെ നൂറാം ടെസ്റ്റ് ജയം അങ്ങനെ ന്യൂസിലന്റ് ഗംഭീരമാക്കി. രണ്ട് ഇന്നിംങ്‌സിലുമായി ഒമ്പത് വിക്കറ്റ് നേടിയ സൗത്തിയാണ് കളിയിലെ താരം.

2019ല്‍ ഒരു ടെസ്റ്റില്‍ പോലും ഇന്ത്യ പരാജയപ്പെട്ടിരുന്നില്ല. 2018-19ല്‍ ആസ്‌ട്രേലിയന്‍ സീരീസിനിടെ പെര്‍ത്തിലായിരുന്നു ഇന്ത്യയുടെ അവസാന ടെസ്റ്റ് തോല്‍വി. ഇപ്പോഴിതാ 2020ലെ ആദ്യ ടെസ്റ്റില്‍ തന്നെ ഇന്ത്യ പരാജയം രുചിച്ചിരിക്കുന്നു. അതും കാര്യമായ പോരാട്ടവീര്യം പുറത്തെടുക്കാതെ.

ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ കിവീസ് 1-0ത്തിന്റെ അപരാജിത മുന്‍തൂക്കം നേടി. ജയത്തോടെ അറുപത് പോയിന്റ് നേടിയ ന്യൂസിലന്റിന് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 120 പോയിന്റായി. ഇപ്പോഴും ഒന്നാമതുള്ള ഇന്ത്യക്ക് 360 പോയിന്റുണ്ട്.