Cricket Sports

വെല്ലിംങ്ടണ്‍ ടെസ്റ്റ്: ഇന്ത്യ 165ന് പുറത്ത്

ഒന്നാം ദിവസത്തെ സ്‌കോറിനോട് 43 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് കൂട്ടിച്ചേര്‍ക്കാനായത്. സൗത്തിയും ജാമിസണും നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി…

ന്യൂസിലാന്‍ന്റിനെതിരായ വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ആദ്യ ഇന്നിംങ്‌സില്‍ ഇന്ത്യ 165 റണ്‍സിന് ഓള്‍ ഔട്ടായി. രഹാനെ 46 റണ്‍സെടുത്തും പന്ത് 19 റണ്‍സെടുത്തും പുറത്തായി. ഷമി 20 പന്തില്‍ വിലപ്പെട്ട 21 റണ്‍സ് അടിച്ചു. ന്യൂസിലന്റിനായി സൗത്തിയും ജാമിസണും നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ബാറ്റിംങിനിറങ്ങിയ ന്യൂസിലന്റിന് ആദ്യ വിക്കറ്റ് നഷ്ടമായിട്ടുണ്ട്.

രണ്ടാം ദിനം ബാറ്റിംങ് ആരംഭിച്ച ഇന്ത്യക്ക് ആദ്യം നഷ്ടമായത് പന്തിനെ(19)യായിരുന്നു. രഹാനെയുമായുള്ള ഓട്ടത്തിലെ ആശയക്കുഴപ്പത്തിനിടെ പന്ത് റണ്‍ ഔട്ടാവുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ റണ്ണെടുക്കും മുമ്പേ അശ്വിനേയും സൗത്തി മടക്കി. വിചിത്രമായിരുന്നു രഹാനെയുടെ പുറത്താവല്‍. സൗത്തിയുടെ ഔട്ട്‌സിംങര്‍ ലീവ് ചെയ്യുമ്പോള്‍ എഡ്ജ് എടുത്തായിരുന്നു ഇന്ത്യന്‍ ഇന്നിംങ്‌സിലെ ടോപ് സ്‌കോറര്‍ പുറത്തായത്

ആദ്യദിനം ജാമിസണായിരുന്നെങ്കില്‍ ഇന്ത്യന്‍ വാലറ്റത്തെ പുറത്താക്കുന്ന ചുമതല സൗത്തിയാണ് ഏറ്റെടുത്തത്. പത്താമനായി ഇറങ്ങിയ ഷമി വിലപ്പെട്ട 21 റണ്‍സ് നേടിയതൊഴിച്ചാല്‍ കിവീസ് പേസര്‍മാരുടെ സമഗ്രാധിപത്യമാണ് വില്ലിങ്ടണില്‍ കണ്ടത്. ന്യൂസിലന്റ് ടീമിലെ ഏക സ്പിന്നര്‍ അജാസ് പട്ടേലിന് ആകെ മൂന്ന് ഓവര്‍ മാത്രമാണ് എറിയാന്‍ ലഭിച്ചുള്ളൂ.

നേരത്തെ, ആദ്യദിനം ഇന്ത്യ 5ന് 122 എന്ന നിലയിലാണ് കളി അവസാനിപ്പിച്ചിരുന്നു. 55ഓവര്‍ പൂര്‍ത്തിയായപ്പോഴേക്കും എത്തിയ മഴയാണ് ഇന്ത്യയെ കൂടുതല്‍ നാശനഷ്ടങ്ങളില്‍ നിന്നും രക്ഷിച്ചത്.