Cricket Sports

കിവികളെ പിന്തുടര്‍ന്ന് പിടിച്ച് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍

ബാറ്റിംങ് നിര കരുത്തുകാട്ടിയപ്പോള്‍ ന്യൂസിലന്റിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ജയം. ഓക്ലാന്‍ഡിലെ ബാറ്റിംങ് പിച്ചില്‍ ന്യൂസിലന്റ് ഉയര്‍ത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കി നില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. കെ.എല്‍ രാഹുല്‍(27 പന്തില്‍ 56) വിരാട് കോലി(32 പന്തില്‍ 45), ശ്രേയസ് അയ്യര്‍ (29 പന്തില്‍ 58) എന്നിവരുടെ ബാറ്റിംങാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.

200ലേറെ വിജയലക്ഷ്യവുമായി ബാറ്റിംങിനിറങ്ങിയ ഇന്ത്യക്ക് പൊട്ടിത്തെറിക്കുന്ന തുടക്കമാണ് രാഹുല്‍ നല്‍കിയത്. നാല് ഫോറും മൂന്ന് സിക്‌സും പറത്തിയ രാഹുലിന്റെ ഇന്നിംങ്‌സ് നിര്‍ണ്ണായകമായി. രണ്ടാം വിക്കറ്റില്‍ 99 റണ്‍സിന്റെ കൂട്ടുകെട്ടാണ് ക്യാപ്റ്റന്‍ കോലിയും രാഹുലും ചേര്‍ന്ന് തീര്‍ത്തത്.

നേരത്തെ രോഹിത് ശര്‍മ്മയെ സാറ്റ്‌നര്‍ നേരത്തേ മടക്കിയിരുന്നു. രാഹുലിനെ സോധിയും കോലിയെ ടിക്‌നറും പുറത്താക്കി. ശിവംദൂബെ(13)യും വൈകാതെ മടങ്ങി. എന്നാല്‍ ശ്രേയസ് അയ്യരും മനീഷ് പാണ്ഡെയും ചേര്‍ന്ന്പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇന്ത്യയെ സുരക്ഷിതമായി വിജയിപ്പിച്ചു.

ടോസ് നേടി ബൗളിംങ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ബൗളര്‍മാരെ കശക്കിയെടുത്ത ഓപണിംങായിരുന്നു കിവീസിന്റേത്. ഗുപ്റ്റിലും(19 പന്തില്‍ 30) മണ്‍റോയും(42 പന്തില്‍ 59) ചേര്‍ന്ന് ആദ്യ 47 പന്തില്‍ അടിച്ചത് 80 റണ്‍. പിന്നീട് കെയ്ന്‍ വില്യംസണും(26 പന്തില്‍ 51) റോസ് ടെയ്്‌ലറും(27 പന്തില്‍ 54) ചേര്‍ന്ന് വേഗം കൂട്ടി 20 ഓവറില്‍ 5ന് 203റണ്‍ നേടി. എന്നാല്‍ അതും ഇന്ത്യന്‍ ബാറ്റിംങ് നിരക്ക് മുന്നില്‍ പോരായിരുന്നു.