Cricket Sports

കോഹ്‌ലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റേണ്ട; പിന്തുണയുമായി ഗംഭീര്‍

ആസ്‌ട്രേലിയയിലെ പരമ്പര വിജയത്തിന് ശേഷം അജിങ്ക്യ രഹാനയുടെ ടെസ്റ്റ് നായക മികവിനെ പ്രശംസിക്കാത്തവരില്ല. രഹാനയെ തന്നെ ടെസ്റ്റിലെ നായകനായി നിലനിര്‍ത്തണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍ അത്തരം ആവശ്യങ്ങളെ തള്ളുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. നേരത്തെ കോഹ് ലിയിലെ നായകനെ പലപ്പോഴും ഗംഭീര്‍ ചോദ്യം ചെയ്തിരുന്നു. എന്നാലിപ്പോള്‍ കോഹ്‌ലിക്ക്‌ പിന്തുണയുമായി എത്തിയിരിക്കുകയാണ് ഗംഭീര്‍.

ടി20 ഫോര്‍മാറ്റില്‍ കോഹ്‌ലിയിലെ നായകനില്‍ എനിക്ക് സംശയമുണ്ടായിരുന്നു, പക്ഷേ ഏകദിന-ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ ആ സംശയമില്ല, അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നും ഗംഭീര്‍ വ്യക്തമാക്കി. ഇന്ത്യ ഒരിക്കലും ഒന്നോ രണ്ടോ പേരെ ആശ്രയിച്ചല്ല മുന്നോട്ട് പോകുന്നത്, ടീമിലെ മറ്റുള്ളവരെപ്പോലെ അദ്ദേഹവും സന്തോഷവാനാണെന്ന് അറിയാം, ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ കളിക്കാരനാണ് കോഹ്ലിയെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം കോഹ്‌ലിക്ക് ടെസ്റ്റില്‍ സെഞ്ച്വറി സ്വന്തമാക്കാനായിരുന്നില്ല. ടെസ്റ്റില്‍ അദ്ദേഹം നയിച്ച മൂന്ന് മത്സരങ്ങളില്‍ തോല്‍ക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ആസ്‌ട്രേലിയന്‍ പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം അദ്ദേഹം നാട്ടിലേക്ക് മടങ്ങിയതോടെ വിമര്‍ശനം കനത്തു. അതേസമയം ഇന്ത്യയുടെ ‘ബി’ ടീമിനെ വെച്ച് രഹാനെ മികച്ച നേട്ടമുണ്ടാക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കോഹ്ലിയിലെ നായക മികവിനെ ചോദ്യം ചെയ്ത് പലരും രംഗത്ത് എത്തിയത്. ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത പരമ്പര.