ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ സ്കോട്ട്‌ലൻഡിനെതിരെ നമീബിയക്ക് ജയം. 4 വിക്കറ്റിനാണ് നമീബിയ സ്കോട്ട്‌ലൻഡിനെ കീഴടക്കിയത്. സ്കോട്ട്‌ലൻഡ് മുന്നോട്ടുവച്ച 110 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ 4 വിക്കറ്റ് ശേഷിക്കെ നമീബിയ മറികടക്കുകയായിരുന്നു. ഇതോടെ സൂപ്പർ 12ൽ കളിച്ച രണ്ട് മത്സരങ്ങളിലും സ്കോട്ട്‌ലൻഡ് പരാജയപ്പെട്ടു. നമീബിയയുടെ ആദ്യ സൂപ്പർ 12 മത്സരമായിരുന്നു ഇത്. (namibia won scotland t20)
കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ നമീബിയ ധൃതിയേതുമില്ലാതെയാണ് ബാറ്റ് ചെയ്തത്. ഇറ്റക്കിടെ വിക്കറ്റുകൾ നഷ്ടമായെങ്കിലും ഒരു കളക്ടീവ് എഫർട്ടിലൂടെ അവർ കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് എത്തുകയായിരുന്നു. പവർപ്ലേയിൽ അവർ ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 29 റൺസ്. മൈക്കൽ വാ ലിൻഗെനെ (18) റിച്ചി ബെരിങ്ടണിൻ്റെ കൈകളിലെത്തിച്ച സഫ്യാൻ ഷരീഫാണ് സ്കോട്ട്‌ലൻഡിന് ആദ്യ ബ്രേക്ക്ത്രൂ നൽകിയത്. 10ആം ഓവറിൽ സെയിൻ ഗ്രീൻ (9) മടങ്ങി. ഗ്രീനെ ക്രിസ് ഗ്രീവ്സിൻ്റെ പന്തിൽ ജോർജ് മുൺസി പിടികൂടി. ഗെർഹാഡ് എറാസ്മസിനെ (4) മൈക്കൽ ലീസ്ക് ക്ലീൻ ബൗൾഡാക്കി. ക്രെയ്ഗ് വില്ല്യംസിനെ (23) മാർക്ക് വാറ്റിൻ്റെ പന്തിൽ മാത്യു ക്രോസ് സ്റ്റമ്പ് ചെയ്ത് പുറത്താക്കി.
അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ഡേവിഡ് വീസിൻ്റെയും ജെജെ സ്മിറ്റിൻ്റെയും മികവിൽ നമീബിയ അനായാസം വിജയത്തിലേക്ക് കുതിക്കവെ വീസ് (16) വീണു. നമീബിയൻ ടീമിലെ ഏറ്റവും മികച്ച താരത്തെ മൈക്കൽ ലീസ്കിൻ്റെ പന്തിൽ മാർക്ക് വാറ്റ് പിടികൂടുകയായിരുന്നു. സ്മിറ്റുമായി 35 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളിയായ ശേഷമാണ് വീസ് മടങ്ങിയത്. വിജയിക്കാൻ ഒരു റൺസ് മാത്രം വേണ്ടപ്പോൾ. 19ആം ഓവറിൽ ജാൻ ഫ്രൈലിങ്ക് (1) ബ്രാഡ് വീലിൻ്റെ പന്തിൽ കല്ലം മക്ലിയോഡിനു ക്യാച്ച് സമ്മാനിച്ച് മടങ്ങി. പങ്കാളികളെ നഷ്ടമായെങ്കിലും സമചിത്തതയോടെ ബാറ്റ് വീശിയ സ്മിറ്റ് നമീബിയക്ക് ടി-20 ലോകകപ്പ് സൂപ്പർ 12 വിജയം സമ്മാനിക്കുകയായിരുന്നു. സ്മിറ്റ് (32) പുറത്താവാതെ നിന്നു.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ സ്കോട്ട്‌ലൻഡിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുക്കാനേ സാധിച്ചുള്ളൂ. 44 റൺസെടുത്ത മൈക്കൽ ലീസ്ക് സ്കോട്ട്ലൻഡിൻ്റെ ടോപ്പ് സ്കോററായി. നമീബിയക്കായി റൂബൻ ട്രംപെൽമാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.