ഇന്ത്യൻ നായകൻ രോഹിത് ശർമയെ പിന്തുണച്ച് ശ്രീലങ്കൻ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരൻ. ഏകദിന ലോകകപ്പിലെ രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റ് ടി20ക്ക് പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഹിറ്റ്മാന്റെ പരിമിത ഓവർ കരിയർ അവസാനിച്ചുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് മുത്തയ്യ മുരളീധരന്റെ പ്രതികരണം.
‘അദ്ദേഹത്തിന്റെ ഏകദിന ലോകകപ്പ് പ്രകടനം നിങ്ങൾ നോക്കൂ. അവൻ നൽകിയ തുടക്കം, രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ടൂർണമെന്റിലുടനീളം രോഹിത് മികവ് തുടർന്നു. രോഹിത്തിന് ഇപ്പോൾ 36 വയസ് മാത്രമാണ്. കരിയര്‍ അവസാനിപ്പിക്കേണ്ട പ്രായമായിട്ടില്ല. വിരാട് കോലിയെപ്പോലെ ഫിറ്റ്‌നസ് ശ്രദ്ധിച്ചാല്‍ ഇനിയും ലോകകപ്പ് കളിക്കാന്‍ രോഹിത്തിനാവും. ഇവർ യുവതാരങ്ങള്‍ക്കായി വഴിമാറേണ്ട സമയമായെന്ന് എങ്ങനെ പറയാന്‍ സാധിക്കും?’-മുത്തയ്യ മുരളീധരൻ ചോദിച്ചു.
‘ഏകദിനത്തിൽ 130 സ്‌ട്രൈക്ക് റേറ്റിലാണ് രോഹിത് ബാറ്റ് ചെയ്തത്, അത് ടി20ക്ക് മോശമല്ല. പരിചയസമ്പന്നനായ കളിക്കാരനാണ് അദ്ദേഹം. 35 ന് ശേഷം ഫിറ്റ്‌നസിൽ കൂടുതൽ കഠിനാധ്വാനം ചെയ്യണം. അവന്‍ കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇനിയും കളി തുടരും. അത് അവന്റെ ചിന്തക്കനുസരിച്ചിരിക്കും. അവന്‍ അടുത്ത ലോകകപ്പ് കൂടി കളിക്കുമെന്നാണ് കരുതുന്നത്’- മുരളീധരന്‍ പറഞ്ഞു.
ഏകദിന ലോകകപ്പിന്റെ ഫൈനലിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മ ടെസ്റ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നുമെല്ലാമാണ് റിപ്പോര്‍ട്ടുകളുള്ളത്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ രോഹിത്തിന് ടീമില്‍ സ്ഥാനമുണ്ടാവുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.