Cricket Sports

മൂന്നാം ജയം സ്വന്താമാക്കി ഇന്ത്യ വനിതാ ടി 20 ലോകകപ്പ് സെമിയില്‍ പ്രവേശിച്ചു

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പ് വനിത ടി20യില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നാല് റണ്‍സിന് തോല്‍പ്പിച്ചു.ബാറ്റിംഗ് തകര്‍ച്ചയ്ക്ക് ശേഷം 20 ഓവറില്‍ 133 റണ്‍സ് നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞു, എന്നാല്‍ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ വീണ്ടും അവസരത്തിനൊത്ത് ഉയര്‍ന്ന് ഇന്ത്യക്ക് വിജയം സമ്മാനിച്ചു. 134 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന്‍റെ ഇന്നിങ്ങ്‌സ് 129/6 എന്ന നിലയില്‍ അവസാനിച്ചു. അവസാന പന്ത് വരെ ആകാംഷയും ത്രില്ലും നിറഞ്ഞതായിരുന്നു ഇന്നത്തെ മല്‍സരം. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ ഗ്രൂപ്പ് എയില്‍ മൂന്ന് കളികളില്‍ നിന്ന് 6 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.

134 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡിന് തുടക്കം അത്ര നല്ലതായിരുന്നില്ല. വിക്കറ്റുകള്‍ നഷ്ട്ടമായ അവര്‍ പെട്ടെന്ന് തന്നെ ഓള്‍ഔട്ടാകുമെന്ന് കരുതിയെങ്കിലും അമേലിയ കെര്‍-ഹെയ്‍ലി ജെന്‍സെന്‍ സഖ്യം ന്യൂസിലന്‍ഡിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. അവസാന രണ്ടോവറില്‍ 34 റണ്‍സ് ജയിക്കാന്‍ വേണ്ട ന്യൂസിലന്‍ഡ് മികച്ച പ്രകടനം ആണ് നടത്തിയത്. അമേലിയ 19 പന്തില്‍ പുറത്താകാതെ 34 റണ്‍സും ഹെയ്‍ലി ജെന്‍സെന്‍ 11 റണ്‍സും നേടിയപ്പോള്‍ ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 39 റണ്‍സാണ് നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി ഇത്തവണയും ഷഫാലി വര്‍മ്മയാണ് കളിച്ചത്. 46 റണ്‍സ് ആണ് താരം നേടിയത് . താനിയ ഭാട്ടിയ 23 റണ്‍സ് നേടിയതൊഴിച്ചാല്‍ ബാക്കിയെല്ലാവരും പെട്ടെന്ന് തന്നെ പുറത്തായി. ആദ്യ വിക്കറ്റ് പെട്ടെന്ന് നഷ്ട്ടമായതിന് ശേഷം ഷഫാലിയും, താനിയ ഭാട്ടിയയും ചേര്‍ന്ന് മികച്ച ബാറ്റിങ്ങ് ആണ് നടത്തിയത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 51 റണ്‍സ് നേടി. ന്യൂസിലന്‍ഡിന് വേണ്ടി റോസ്മേരി മെയര്‍ രണ്ട് വിക്കറ്റ് നേടി.