Cricket Sports

ഐ.പി.എല്‍; കലാശപ്പോരില്‍ കന്നിക്കീരിടം തേടി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും

ഐ.പി.എല്ലിന്‍റെ പതിമൂന്നാം പതിപ്പിന് ഇന്ന് തിരശീല വിഴും. കലാശപ്പോരാട്ടത്തില്‍ ഡൽഹി ക്യാപിറ്റല്‍സും നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടും. ദുബെെയില്‍ ഇന്ത്യന്‍ സമയം 7:30 മത്സരം ആരംഭിക്കും. അഞ്ചാം കീരിടം തേടി മുംബൈയും കന്നി കീരിടം സ്വപ്നം കണ്ട് ഡൽഹി കാപിറ്റല്‍സും കളത്തിലിറങ്ങുമ്പോള്‍ മത്സരം തീപ്പാറും എന്ന് സംശയമില്ല.

കണക്കിലും കരുത്തിലും മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ഒരുപടി മുന്‍പില്‍. ഈ സീസണില്‍ കളിച്ച 15 മത്സരങ്ങളില്‍ പത്തിലും ജയിച്ച് രാജകീയമായാണ് മുംബൈ ഫെനലില്‍ പ്രവേശിച്ചത്. ആദ്യ ക്വാളിഫയറിൽ ഡൽഹി പരാജയപ്പെടുത്തിയത് മുംബൈ ആത്മവിശ്വാസം നല്‍ക്കും. ബൗളിങില്‍ ബുംറയിലും, ബൗൾട്ടിലുമാണ് മുബെെയുടെ പ്രതീക്ഷ. ബാറ്റിങ്ങില്‍ ഫോമിലുള്ള ഇഷാന്‍ കിഷനും,സൂര്യകുമാര്‍ യാദവും പാണ്ഡ്യയും ചേരുമ്പോള്‍ സുശക്തമാണ് മുബെെ നിര. എന്നാല്‍ ഓപ്പണിങ്ങില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ഫോമിലേക്കുയരാത്തത് മുബെെക്ക് തലവേദന സൃഷ്ടിക്കും.

മറുവശത്ത് ബാറ്റിങ് നിരയുടെ സ്ഥിരതയില്ലയ്മയാണ് ഡല്‍ഹിയുടെ മുന്നിലെ വെല്ലുവിളി. ആദ്യ ക്വാളിഫയറിൽ ഡല്‍ഹിയുടെ മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്മാരാണ് പൂജ്യത്തിന് പുറത്തായത്. സ്റ്റൊയ്‌നിസ് ധവാനൊപ്പം ഫൈനലിലും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. എന്നാല്‍ ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരുടെ സ്ഥിരത ഇല്ലായ്മ ഡല്‍ഹിക്ക് തലവേദനയാണ്. ബൗളിങില്‍ കഗീസോ റബാദയുടെയും ആൻറിച് നോർട്യയുടെയും പ്രകടനം നീര്‍ണായകമാണ്.