Cricket

മുംബൈയ്ക്ക് 10-ാം തോല്‍വി; ഹൈദരാബാദ് ജയം 3 റൺസിന്

ഐപിഎല്ലിൽ ആവേശകരമായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ മൂന്ന് റൺസിന് പരാജയപ്പെടുത്തി സൺറൈസേഴ്‌സ് ഹൈദരാബാദ്. ഹൈദരാബാദ് ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ ഹൈദരാബാദ് പ്ലേ ഓഫ് സാധ്യത സജീവമാക്കി. 13-ല്‍ പത്തും തോറ്റ മുംബൈ അവസാന സ്ഥാനത്താണ്.

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

മുംബൈയ്ക്ക് രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 70 പന്തില്‍ നിന്ന് 95 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. 36 പന്തില്‍ നിന്ന് നാലു സിക്‌സും രണ്ട് ഫോറുമടക്കം 48 റണ്‍സെടുത്ത രോഹിത്തിനെ മടക്കി വാഷിങ്ടണ്‍ സുന്ദറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അടുത്ത ഓവറില്‍ ഇഷാനെ ഉമ്രാന്‍ മാലിക്കും തിരിച്ചയച്ചു. പിന്നീടെത്തിയ ഡാനിയേല്‍ സാംസ് (15), തിലക് വര്‍മ (8), ട്രിസ്റ്റണ്‍ സ്റ്റുബ്‌സ് (2), രമണ്‍ദീപ് സിംഗ് (0), സഞ്ജയ് യാദവ് (0) എന്നിവര്‍ നിരാശപ്പെടുത്തി. ഇതിനിടെ ടിം ഡേവിഡ് (18 പന്തില്‍ 46) പ്രതീക്ഷ നല്‍കിയെങ്കിലും വിജയിപ്പിക്കാനായില്ല. രമണ്‍ദീപ് സിംഗ് (14), ജസ്പ്രിത് ബുമ്ര (0) പുറത്താവാതെ നിന്നു.

നേരത്തെ ഹൈദരാബാദിന് മോശം തുടക്കമായിരുന്നുവെങ്കിലും യുവതാരം പ്രിയം ഗാർഗും രാഹുൽ ത്രിപാഠിയുമാണ് ടീമിനെ രക്ഷിച്ചത്. പ്രിയം 26 പന്തിൽ 42ഉം രാഹുൽ 44 പന്തിൽ 76ഉം റൺസെടുത്തു. പിന്നീട് നിക്കോളാസ് പൂരനും അതിവേഗത്തിൽ 22 പന്തിൽ 38 റൺസെടുത്തു. ഇവർ മൂവരും കളിക്കുന്ന രീതിയിൽ ഹൈദരാബാദിന്റെ സ്കോർ 200 കടക്കുമെന്ന് കരുതിയെങ്കിലും മുംബൈയുടെ ബൗളർമാർ, പ്രത്യേകിച്ച് രമൺദീപ് സിംഗ് ടീമിനെ തിരിച്ചുപിടിച്ചു.