Cricket

നവീനുൽ ഹഖിന് നാലു വിക്കറ്റ്; തിരിച്ചുപൊരുതി മുംബൈ; എലിമിനേറ്ററിൽ ലക്നൗവിന് 183 റൺസ് വിജയലക്ഷ്യം

ഐപിഎൽ എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസിനെതിരെ ലക്നൗ സൂപ്പർ ജയൻ്റ്സിന് 183 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 182 റൺസ് നേടി. 23 പന്തിൽ 41 റൺസ് നേടിയ കാമറൂൺ ഗ്രീൻ ആണ് മുംബൈയുടെ ടോപ്പ് സ്കോറർ. ലക്നൗവിനായി നവീനുൽ ഹഖ് 4 വിക്കറ്റ് വീഴ്ത്തി.

ണ്ട് എൻഡിലും സ്പിന്നർമാരാണ് ലക്നൗവിനായി ബൗളിംഗ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. കൃണാൽ പാണ്ഡ്യയും കൃഷ്ണപ്പ ഗൗതവും ചേർന്ന് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത് തിരിച്ചടിച്ചു. ഇഷാൻ കിഷനും രോഹിത് ശർമയും ബൗണ്ടറികൾ കണ്ടെത്തിയതോടെ മുംബൈ 3 ഓവറിൽ 30 തികച്ചു. നാലാം ഓവറിൽ ആദ്യ ബൗളിംഗ് ചേഞ്ചായി എത്തിയ നവീനുൽ ഹഖ് രോഹിതിനെ (11) വീഴ്ത്തി ലക്നൗവിന് ആദ്യ ബ്രേക്ക് ത്രൂ നൽകി. തൊട്ടടുത്ത ഓവറിൽ ഇഷാൻ കിഷനെ (15) യാഷ് താക്കൂർ മടക്കി.

മൂന്നാം നമ്പറിലെത്തിയ കാമറൂൺ ഗ്രീൻ അസാമാന്യ ഫോമിലായിരുന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറിയോടെ തുടങ്ങിയ ഗ്രീനിനു കൂട്ടായി സൂര്യകുമാർ യാദവ് കൂടി എത്തിയതോടെ മുംബൈ വീണ്ടും ട്രാക്കിലെത്തി. തകർത്തടിച്ച ഇരുവരും ചേർന്ന് 66 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടുയർത്തി. കരുത്തോടെ കുതിച്ച മുംബൈയെ നവീനുൽ ഹഖ് എറിഞ്ഞ 11ആം ഓവർ വീണ്ടും ബാക്ക്ഫൂട്ടിലാക്കി. ഓവറിൽ സൂര്യയുടെയും (20 പന്തിൽ 33) ഗ്രീനിൻ്റെയും വിക്കറ്റ് വീഴ്ത്തിയ നവീൻ ലക്നൗവിനെ മത്സരത്തിൽ തിരികെയെത്തിച്ചു. അഞ്ചാം വിക്കറ്റിൽ ടിം ഡേവിഡും തിലക് വർമയും ചേർന്ന് 43 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 13 പന്തിൽ 13 റൺസ് നേടിയ ടിം ഡേവിഡിനെ മടക്കിയ യാഷ് താക്കൂർ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഇതോടെ മുംബൈ സൂര്യകുമാർ യാദവിനെ പിൻവലിച്ച് നേഹൽ വധേരയെ ഇംപാക്ട് പ്ലയറാക്കി.

അവസാന ഓവറുകളിൽ സ്കോർ ഉയർത്താൻ മുംബൈ ബാറ്റർമാർക്ക് കഴിഞ്ഞില്ല. 18ആം ഓവറിൽ തിലക് വർമയെ (26) മടക്കിയ നവീനുൽ ഹഖ് വിക്കറ്റ് വേട്ട നാലാക്കി ഉയർത്തി. 19ആം ഓവറിൽ ക്രിസ് ജോർഡനെ (2) മൊഹ്സിൻ ഖാൻ മടക്കി. അവസാന ഓവറിൽ നേഹൽ വധേര നേടിയ ബൗണ്ടറികളാണ് മുംബൈയെ 180 കടത്തിയത്. ഓവറിലെ അവസാന പന്തിൽ വധേര (12 പന്തിൽ 23) മടങ്ങി.