ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും തോല്‍വി. 57 റണ്‍സിന് മുംബൈയോടാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്. മുംബൈ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച രാജസ്ഥാന് തുടക്കത്തില്‍ തന്നെ പിഴച്ചു. 18.1 ഓവറില്‍ 136 റണ്‍സിന് രാജസ്ഥാന്‍ ഇന്നിങ്സ് അവസാനിക്കുകയായിരുന്നു. 12 റണ്‍സ് എടുക്കുന്നതിനിടെ യശ്വാസി ജയ്സ്വാളിനെയും (0) സ്റ്റീവ് സ്മിത്തിനെയും (6) സഞ്ജു സാംസണിനെയും (0) അവര്‍ക്ക് നഷ്ടമായി. പിന്നീട് രാജസ്ഥാന്‍ സാക്ഷ്യം വഹിച്ചത് ജോസ് ബട്ലര്‍ എന്ന പ്രതിഭയുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. മുംബൈ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് രാജസ്ഥാന്‍ എത്തും എന്ന് തോന്നിപ്പിച്ച ചെറുത്തുനില്‍പ്. ഒടുവില്‍ 70 റണ്‍സെടുത്ത് അദ്ദേഹം മടങ്ങുമ്പോള്‍ രാജസ്ഥാന്‍റെ സ്കോര്‍ ബോര്‍ഡില്‍ 98 റണ്‍സായിരുന്നു ഉണ്ടായിരുന്നത്. മികച്ച രീതിയില്‍ പന്തെറിഞ്ഞ മുംബൈക്ക് വിജയം അനായാസമായി തീര്‍ന്നു എന്ന് വേണമെങ്കില്‍ പറയാം. 20 റണ്‍സ് വഴങ്ങി ബുംറ 4 വിക്കറ്റുകള്‍ വീഴ്ത്തി. പാറ്റിസണും ബോള്‍ട്ടും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി
നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ 193 റണ്‍സെടുത്തു. സൂര്യകുമാര്‍ യാദവ് പുറത്താകാതെ നേടിയ 79 റണ്‍സാണ് മുംബൈക്ക് മികച്ച സ്കോര്‍ നേടാന്‍ സഹായിച്ചത്. രോഹിത് ശര്‍മ്മയും(35) ഡിക്കോക്കും(23) ചേര്‍ന്ന് മികച്ച തുടക്കം തന്നെ നല്‍കി. അവസാനം ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ മുംബൈ ഒരു വലിയ വിജയലക്ഷ്യം രാജസ്ഥാന് മുന്നില്‍ പടുത്തുയര്‍ത്തുകയായിരുന്നു. രണ്ട് വിക്കറ്റെടുത്ത എസ്. ഗോപാലാണ് രാജസ്ഥാന്‍ നിരയില്‍ ഭേദപ്പെട്ട ബൌളിങ് പ്രകടനം കാഴ്ചവെച്ചത്.