മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംങ് ധോണിയുടെ ടെറിട്ടോറിയല്‍ ആര്‍മി യൂണിറ്റിന്റെ ഭാഗമായുള്ള സൈനിക സേവനം അവസാനിച്ചു. ന്യൂഡല്‍ഹിയില്‍ ഭാര്യ സാക്ഷിക്കും മകള്‍ സൈവക്കുമൊപ്പമാണ് ഇപ്പോള്‍ ധോണിയുള്ളത്. സ്വാതന്ത്ര്യദിനത്തോടെ രണ്ട് ആഴ്ച്ച നീണ്ട ധോണിയുടെ സൈനിക സേവനം അവസാനിച്ചിരുന്നു.
ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന് പിന്നാലെയാണ് ക്രിക്കറ്റില്‍ നിന്നും താത്ക്കാലിക അവധിയെടുത്ത് ധോണി സൈനിക സേവനത്തിന് പോയത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ധോണി ഉണ്ടാകുമോ എന്ന ചര്‍ച്ച ചൂടുപിടിച്ചതിനിടെയായിരുന്നു അപ്രതീക്ഷിതമായ ധോണിയുടെ നീക്കം. ജമ്മുവില്‍ പാരാമിലിറ്ററിയുടെ 106 ടി.എ ബറ്റാലിയനിലായിരുന്നു രണ്ടാഴ്ച്ച ധോണിയുണ്ടായിരുന്നത്.
ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് പദവിയുള്ളയാളാണ് 37കാരനായ ധോണി. കശ്മീര്‍ താഴ്‌വരയിലെ സൈനിക സേവനത്തിനിടെ കാവല്‍ ജോലിയും മിലിറ്ററി പോസ്റ്റുകളിലെ നിരീക്ഷണ ജോലിയും ധോണിക്ക് നല്‍കിയിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ ലേ- ലഡാക്കിലായിരുന്ന ധോണി അവിടെ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. ക്രിക്കറ്റ് സെലിബ്രിറ്റിയായ ധോണിക്ക് മതിയായ സുരക്ഷയുണ്ടാകുമോ എന്ന ചോദ്യത്തിന് ധോണി ഇന്ത്യന്‍ പൗരന്മാരെ സംരക്ഷിക്കാനാണ് വരുന്നതെന്നായിരുന്നു കരസേനാ മേധാവിയുടെ പ്രതികരണം.