Cricket

കൗണ്ടി കളിക്കുന്നതിനാലാണ് സിറാജിനെ ടി-20 ടീമിൽ പരിഗണിക്കാതിരുന്നതെന്ന് രോഹിത്

ഇംഗ്ലണ്ടിൽ കൗണ്ടി കളിക്കുന്നതിനാലാണ് മുഹമ്മദ് സിറാജിനെ ടി-20 ടീമിൽ പരിഗണിക്കാതിരുന്നതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര നാളെ മൊഹാലിയിൽ ആരംഭിക്കാനിരിക്കെ നടത്തിയ വാർത്താസമ്മേളനത്തിലാണ് രോഹിത് ഇക്കാര്യം അറിയിച്ചത്. ടീമിൽ ഉൾപ്പെട്ടിരുന്ന ഷമിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പകരം ഉമേഷ് യാദവിനെ ടീമിൽ ഉൾപ്പെടുത്തിയത്. ഇത് ആരാധകർക്കിടയിൽ അമ്പരപ്പുണ്ടാക്കിയിരുന്നു. ഇതിനാണ് രോഹിത് മറുപടി നൽകിയത്.

ഷമിക്ക് പകരം മറ്റ് ചിലരുടെ പേരുകൾ ആലോചിച്ചിരുന്നു. പ്രസിദ്ധ് കൃഷ്ണയെ പോലെ ചിലർക്ക് പരുക്കാണ്. പിന്നെയുള്ളത് സിറാജാണ്. സിറാജ് ഇപ്പോൾ കൗണ്ടി കളിക്കുകയാണ്. അവിടെനിന്ന് ഒന്നോ രണ്ടോ മത്സരങ്ങൾക്കായി സിറാജിനെ വിളിച്ചുവരുത്തുന്നത് ശരിയല്ലെന്ന് തോന്നി എന്നും രോഹിത് പറഞ്ഞു.

രോഹിത് ശർമ, വിരാട് എന്നിവരെക്കാൾ കഴിവുള്ള താരമാണ് കെഎൽ രാഹുൽ എന്ന് ഗൗതം ഗംഭീർ പറഞ്ഞു. കോലി സെഞ്ചുറി നേടിയപ്പോൾ താരത്തെ ഓപ്പണറായി പരിഗണിക്കണമെന്ന് അഭിപ്രായപ്പെടുമ്പോൾ രാഹുലിനെ മറന്നുകളയുകയാണെന്ന് ഗംഭീർ പറഞ്ഞു. ലോകകപ്പിൽ രാഹുൽ തന്നെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യണമെന്നും ഗംഭീർ പറഞ്ഞു.

“ഇന്ത്യയിലെ അവസ്ഥ എന്താണെന്നുവച്ചാൽ, ഒരു കളിക്കാരൻ നന്നായി കളിച്ചാൽ ഉദാഹരണമായി, കോലി കഴിഞ്ഞ കളിയിൽ സെഞ്ചുറി നേടിയപ്പോൾ ഏറെക്കാലമായി രോഹിത്തും രാഹുലും നൽകിയ സംഭാവനകൾ നമ്മൾ മറന്നു കളഞ്ഞു. കോലി ഓപ്പണറാവണമെന്ന് പറയുമ്പോൾ രാഹുലിന് എന്താണ് സംഭവിക്കുക എന്ന് ചിന്തിക്കണം. എത്ര അരക്ഷിതാവസ്ഥയാണ് രാഹുലിന് ഉണ്ടാവുക. ആദ്യ കളി അദ്ദേഹം കുറഞ്ഞ സ്കോറിനു പുറത്തായാൽ വീണ്ടും കോലി ഓപ്പൺ ചെയ്യണമെന്ന ചർച്ചകളുണ്ടാവും. കോലിയെക്കാളും രോഹിതിനെക്കാളും കഴിവുള്ള താരമാണ് രാഹുൽ. നമ്മൾ ഇന്ത്യയുടെ കാഴ്ചപ്പാടിൽ വേണം കാര്യങ്ങൾ കാണാൻ. അല്ലാതെ വ്യക്തിപരമായി കാണരുത്.”- ഗംഭീർ പറഞ്ഞു.

ലക്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റനായ രാഹുലിൻ്റെ പ്രകടനങ്ങൾ ഏറെ അടുത്തുനിന്ന് വീക്ഷിച്ചിട്ടുള്ള താരമാണ് ടീം ഉപദേശകനായ ഗംഭീർ. അടുത്ത മാസമാണ് ടി-20 ലോകകപ്പ് ആരംഭിക്കുക.