Cricket Sports

ആദ്യ ഏകദിനത്തില്‍ അടി പതറി കിവികള്‍; ബാറ്റിംഗ് തകര്‍ച്ച

ഇന്ത്യക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിന് ബാറ്റിംഗ് തകര്‍ച്ച. ബാറ്റിംഗ് തുടങ്ങി ഉടനെ ഓപ്പണര്‍മാരെ ഇരുവരെയും പുറത്താക്കി മുഹമ്മദ് ഷമ്മി ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. തന്റെ ആദ്യ ഓവറില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ (5) കുറ്റി തെറിപ്പിച്ച ശേഷം, തൊട്ടടുത്ത ഓവറില്‍ തന്നെ കോളിന്‍ മണ്‍റോയേയും (8) പറഞ്ഞയച്ച ഷമ്മി, ‌മിച്ചൽ സാന്റനറെ വിക്കറിനു മുന്നിൽ കുടുക്കി. യൂസ്‍‍‍വേന്ദ്ര ചാഹൽ രണ്ടും കേദാർ ജാദവ് ഒരു വിക്കറ്റുമെടുത്തു. ഇതോടെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ നൂറു വിക്കറ്റ് തികക്കുന്ന താരമായി മുഹമ്മദ് ഷമ്മി.

പതർച്ചയോടെ ബാറ്റിംഗ് തുടങ്ങിയ കിവീസ് നിരയിൽ, നായകൻ കെയിൻ വില്ല്യംസ് ഒഴികെ മറ്റാർക്കും പിടിച്ചു നിൽക്കാനായില്ല. റോസ് ടെയ്ലറെയും (24) ടോം ലാദമിനേയും (11) ചാഹൽ സ്വന്തം ബൗളിൽ തന്നെ പിടിച്ചു പുറത്താക്കിയപ്പോൾ, 12 റൺസെടുത്ത ഹെന്റി നിക്കോളാസിനെ (12) കുൽദീപ് യാദവിന്റെ കെെകളിലെത്തിച്ച് കേദാർ ജാദവും മടക്കി.

താരതമ്യേന ചെറിയ ഗ്രൗണ്ടിൽ ബാറ്റ്സ്മാൻമാർ നിറഞ്ഞാടി റൺസ് ഒഴുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഇന്ത്യൻ ബൗളിംഗിന് മുന്നിൽ കിവികൾക്ക് അടി തെറ്റുകയായിരുന്നു. മിക്ക മത്സരങ്ങളിലും മുന്നൂറിന് മേലെ റണ്‍സ് പിറന്ന നേപ്പിയറില്‍, മികച്ച ഫോമിലുള്ള ക്യാപ്റ്റന്‍ വിരാട് കോഹ്‍‍ലി, രോഹിത് ശര്‍മ, എം.എസ് ധോണി ത്രയത്തിലാണ് ഇന്ത്യന്‍ പ്രതീക്ഷ.

ആദ്യ മത്സരത്തില്‍ രവീന്ദ്ര ജഡേജ, ദിനേശ് കാര്‍ത്തിക് എന്നിവരെ പുറത്തിരുത്തിയപ്പോള്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് ടീമില്‍ ലഭിച്ചു.