Cricket

പാകിസ്താനെതിരെ അശ്വിൻ കളിക്കാത്തതിനു കാരണം ഷാഹിദ് അഫ്രീദി; വിചിത്രവാദവുമായി മുഹമ്മദ് ഹഫീസ്

പാകിസ്താനെതിരായ രാജ്യാന്തര ടി-20കളിൽ ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ കൂടുതലായി കളിക്കാത്തതിനു കാരണം ഷാഹിദ് അഫ്രീദിയെന്ന് പാകിസ്താൻ്റെ മുൻ താരം മുഹമ്മദ് ഹഫീസ്. 2014 ഏഷ്യാ കപ്പിലെ അവസാന ഓവറിൽ അശ്വിനെ തുടർച്ചയായി രണ്ട് സിക്സറുകളടിച്ച്, ഷാഹിദ് അഫ്രീദി പാകിസ്താനെ വിജയിപ്പിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഹഫീസിൻ്റെ പരാമർശം.

പാക് ടെലിവിഷൻ ചാനലായ പിടിവിയുടെ പാനൽ ഡിസ്കഷനിലാണ് ഹഫീസ് അശ്വിനെ പരിഹസിച്ച് രംഗത്തുവന്നത്. ഇതേ പരാമർശം തൻ്റെ ട്വിറ്റർ ഹാൻഡിലിൽ അദ്ദേഹം പങ്കുവക്കുകയും ചെയ്തു.

അതേസമയം, ഏഷ്യാ കപ്പിൽ ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരെ കളിക്കും. സൂപ്പർ ഫോറിൽ ശ്രീലങ്കക്കെതിരെ ജയം മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുക. ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ പരാജയപ്പെട്ട ഇന്ത്യക്ക് സൂപ്പർ ഫോറിൽ ലങ്കയ്ക്കും അഫ്ഗാനുമെതിരെ മികച്ച ജയം നേടിയെങ്കിലേ ഫൈനലിലെത്താൻ കഴിയൂ.

പാകിസ്താനെതിരെ അവസാന ഓവറിലേറ്റ പരാജയം ഇന്ത്യക്ക് തിരിച്ചടിയാണ്. കളത്തിൽ പ്രകടനങ്ങൾ മാത്രമല്ല, ഇന്ത്യയുടെ ടീം സെലക്ഷനും ക്യാപ്റ്റൻ്റെ ചില തന്ത്രങ്ങളും തിരിച്ചടിയായി. രണ്ട് ലെഗ് സ്പിന്നർമാരുമായി ഇറങ്ങിയ ഇന്ത്യയെ കൗണ്ടർ ചെയ്യാനിറങ്ങിയ മുഹമ്മദ് നവാസിൻ്റെ വിസ്ഫോടനാത്മക ബാറ്റിംഗാണ് കളി പാകിസ്താന് അനുകൂലമാക്കിയത്. ദിനേഷ് കാർത്തിക് എന്ന ഡെസിഗ്നേറ്റഡ് ഫിനിഷർ ഉണ്ടെങ്കിലും ജഡേജയ്ക്ക് പകരം പാർട്ട് ടൈം സ്പിന്നർ കൂടിയായ ദീപക് ഹൂഡയെ ഇറക്കി താരത്തിന് ഒരു ഓവർ പോലും നൽകാതിരുന്നത് ടീം സെലക്ഷനിലെ പാളിച്ചയായി. മധ്യനിരയിൽ വീണ്ടും വീണ്ടും പരാജയപ്പെട്ടിട്ടും ഋഷഭ് പന്തിനെ പരീക്ഷിക്കാൻ ടീം മാനേജ്മെൻ്റ് കാണിക്കുന്ന ഉത്സാഹവും ചോദ്യം ചെയ്യപ്പെടുന്നു. ഹർഷൽ പട്ടേലും ജസ്പ്രീത് ബുംറയും ഇല്ലാത്ത ബൗളിംഗ് നിര മോശമെന്ന് പറയാനാവില്ലെങ്കിലും അത്ര മികച്ചതല്ല. അതിൽ തത്കാലം ഒന്നും ചെയ്യാനില്ല. കളിയുടെ ഏത് ഘട്ടത്തിലും പന്തെറിയുന്ന, ഇൻ്റലിജൻ്റ് ക്രിക്കറ്ററായ അശ്വിനെ പുറത്തിരുത്തുന്നത് എന്തുകൊണ്ടെന്നതിന് കൃത്യമായ വിശദീകരണം നൽകാൻ മാനേജ്മെൻ്റിനു കഴിഞ്ഞിട്ടില്ല.