Cricket

6 ടീമുകളിൽ നാലും സ്വന്തമാക്കി; അമേരിക്കൻ ടി-20 ലീഗിലും ഐപിഎൽ ആധിപത്യം

അമേരിക്കൻ ടി-20 ലീഗിലും ഐപിഎൽ ആധിപത്യം. അമേരിക്കയിൽ ഉടൻ ആരംഭിക്കാനിരിക്കുന്ന മേജർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റിലെ 6 ടീമുകളിൽ നാലും ഐപിഎൽ ടീമുകളാണ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ഫ്രാഞ്ചൈസികൾ മേജർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റിൽ ടീമുകൾ സ്വന്തമാക്കി. ക്രിക്ക് ഇൻഫോ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ന്യൂയോർക്ക് ആണ് മേജർ ലീഗ് ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസിയുടെ ആസ്ഥാനം. ചെന്നൈ സൂപ്പർ കിംഗ്സ് ടെക്സസും ഡൽഹി ക്യാപിറ്റൽസ് സിയാറ്റിലും കേന്ദ്രീകരിക്കും. ലോസ് ആഞ്ചലസാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ആസ്ഥാനം. കൊൽക്കത്ത, മുംബൈ ഫ്രാഞ്ചൈസികൾ ടീമുകൾ മുഴുവനായി സ്വന്തമാക്കിയപ്പോൾ ചെന്നൈയ്ക്കും ഡൽഹിയ്ക്കും ഭാഗികമായ ഓഹരികളാണ് ടീമുകളിൽ ഉള്ളത്. മൈക്രോസോഫ്റ്റ് ചീഫ് എക്സിക്യൂട്ടിവ് സത്യ നദെല്ലയുമായി ചേർന്നാണ് ഡൽഹി ടീം വാങ്ങിയത്. സിയാറ്റിൽ ഓർകാസ് എന്നാവും ഈ ടീമിൻ്റെ പേരെന്നാണ് വിവരം. ചെന്നൈ ആവട്ടെ, ഒരു പ്രാദേശിക ഇൻവസ്റ്ററുമായിച്ചേർന്ന് ടീം സ്വന്തമാക്കി.

ബാക്കിയുള്ള രണ്ട് ഫ്രാഞ്ചൈസികൾ വാഷിംഗ്ടൺ ഡിസിയും സാൻ ഫ്രാൻസിസ്കോയും ആസ്ഥാനമാക്കിയാണ്. വാഷിംഗ്ടൺ ആസ്ഥാനമാക്കിയുള്ള വാഷിംഗ്ടൺ ഫ്രീഡം പ്രാദേശിക അമേരിക്കൻ നിക്ഷേപകൻ സഞ്ജയ് ഗോവിൽ സ്വന്തമാക്കി. ന്യൂ സൗത്ത് വെയിൽസ് ക്രിക്കറ്റുമായി സഹകരിച്ച് അദ്ദേഹം ഈ ടീം വാങ്ങിയത്. സാൻ ഫ്രാൻസിസ്കോ ഫ്രാഞ്ചൈസി ഇന്ത്യൻ വ്യവസായികളായ ആനന്ദ് രാജരാമനും വെങ്കി ഹരിനാരായണനും ക്രിക്കറ്റ് വിക്ടോറിയയുമായി സഹകരിച്ച് സ്വന്തമാക്കി.

ജൂലായ് 13 മുതൽ 30 വരെയാണ് മേജർ ലീഗ് ക്രിക്കറ്റ് നടക്കുക. ഒരു ടീമിൽ പരമാവധി 18 താരങ്ങളും 9 വിദേശതാരങ്ങളും കളിക്കും. പ്ലെയിങ്ങ് ഇലവനിലെ 6 പേരെങ്കിലും യുഎസ്എ താരങ്ങളാവണം. വിദേശതാരങ്ങളെ ഫ്രാഞ്ചൈസികൾക്ക് നേരിട്ട് സ്വന്തമാക്കാം. അമേരിക്കൻ താരങ്ങൾ മാത്രമേ ലേലത്തിലുണ്ടാവൂ.