റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിൽ പരുക്കേറ്റ് പുറത്തായ ഓസീസ് ഓൾറൗണ്ടർ മിച്ചൽ മാർഷിന് ഐപിഎൽ സീസൺ നഷ്ടമായേക്കുമെന്ന് സൂചന. കാലിനു പരുക്കേറ്റതിനെ തുടർന്ന് നാല് പന്തുകൾ മാത്രം എറിഞ്ഞ താരം മുടന്തിക്കൊണ്ട് ഫീൽഡ് വിട്ടിരുന്നു. പിന്നീട് 9ആം വിക്കറ്റിൽ വീണ്ടും ക്രീസിലെത്തിയെങ്കിലും അപ്പോഴും മുടന്തുന്നുണ്ടായിരുന്നു. നേരിട്ട ആദ്യ പന്ത് തന്നെ വിരാട് കോലിക്ക് പിടികൊടുത്ത് താരം മടങ്ങുകയും ചെയ്തു.
അതേസമയം, ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസണും പരുക്കേറ്റതിനാലാണ് മത്സരത്തിൽ കളിക്കാതിരുന്നത്. ട്രെയിനിങ്ങിനിടെയാണ് താരത്തിനു പരുക്കേറ്റത്. വില്ല്യംസണിൻ്റെ പരുക്ക് എത്ര ഗുരുതരമാണെന്ന് ടീം മാനേജ്മെൻ്റ് അറിയിച്ചിട്ടില്ല. മാർഷ് പരുക്കേറ്റ് പുറത്തായതിൻ്റെ പശ്ചാത്തലത്തിൽ അഫ്ഗാനിസ്ഥാൻ ഓൾറൗണ്ടർ മൊഹമ്മദ് നബി ടീമിൽ കളിച്ചേക്കും.
മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പരാജയപ്പെടുത്തിയിരുന്നു. 10 റൺസിനാണ് ആർസിബി വിജയിച്ചത്. ബാംഗ്ലൂർ മുന്നോട്ടുവച്ച 164 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് 19.4 ഓവറിൽ 153 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ഒരു ഘട്ടത്തിൽ ബാക്ക്ഫൂട്ടിൽ നിന്നിരുന്ന റോയൽ ചലഞ്ചേഴ്സ് അവസാന ഘട്ടത്തിൽ തുടർച്ചയായി വിക്കറ്റ് വീഴ്ത്തിയാണ് വിജയിച്ചത്. 61 റൺസെടുത്ത ജോണി ബെയർസ്റ്റോ ആണ് സൺറൈസേഴ്സിൻ്റെ ടോപ്പ് സ്കോറർ. ബാംഗ്ലൂരിനായി യുസ്‌വേന്ദ്ര ചഹാൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. നവദീപ് സെയ്നി, ശിവം ദുബേ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 56 റൺസെടുത്ത യുവ ഓപ്പണർ ദേവദത്ത് പടിക്കലാണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ. എബി ഡിവില്ല്യേഴ്സ് 51 റൺസെടുത്തു.