Cricket

മിന്നു മണി ക്യാമ്പിലെത്തി; വിഡിയോ പങ്കുവച്ച് ഡൽഹി ക്യാപിറ്റൽസ്

മലയാളി താരം മിന്നു മണി വിമൻസ് പ്രീമിയർ ലീഗ് ടീമായ ഡൽഹി ക്യാപിറ്റൽസിൻ്റെ ക്യാമ്പിലെത്തി. താരം വീട്ടിൽ നിന്ന് പുറപ്പെടുന്നതിൻ്റെയും ക്യാമ്പിലെത്തുന്നതിൻ്റെയും ദൃശ്യങ്ങൾ ഡൽഹി ക്യാപിറ്റൽസിൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ പങ്കുവച്ചു. പ്രീമിയർ ലീഗ് ലേലത്തിൽ 10 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 30 ലക്ഷം രൂപയ്ക്കാണ് ഡൽഹി ടീമിലെത്തിച്ചത്. വിമൻസ് പ്രീമിയർ ലീഗിൽ ടീമിലിടം നേടിയ ഒരേയൊരു മലയാളിയാണ് മിന്നു മണി. (minnu mani delhi capitals)

വയനാട് എടപ്പാടി സ്വദേശിയാണ് മിന്നു മണി. സമീപപ്രദേശങ്ങളിൽ ക്രിക്കറ്റ് കളിച്ചു നടന്ന മിന്നുവിന്റെ ജീവിതരഹത്തിൽ വഴിത്തിരിവ് ഉണ്ടായത് മാനന്തവാടി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ചേർന്നതോടെയാണ്. അവിടെ നിന്ന് കേരള ടീമിലും ഇന്ത്യയുടെ എ ടീമിലും താരം സ്ഥാനം കണ്ടെത്തി. ഇന്ത്യയുടെ എ ടീമിൻെറ ഭാഗമായി മിന്നു ബംഗ്ലാദേശ് പര്യടനത്തിലും വനിതാ ഏഷ്യൻ കപ്പിലും പങ്കെടുത്തിട്ടുണ്ട്.

മാർച്ച് നാലിനാണ് വനിതാ പ്രീമിയർ ലീഗ് ആരംഭിക്കുക. പല ടീമുകളും ക്യാമ്പ് ആരംഭിച്ചുകഴിഞ്ഞു. ഇന്ന് നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് ഫൈനലിനു ശേഷം ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ താരങ്ങൾ അതാത് ടീമുകളിൽ ചേരും. സ്മൃതി മന്ദാനയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നയിക്കുക. മുംബൈ ഇന്ത്യൻസിനെ ഹർമൻപ്രീത് കൗർ നയിക്കും. ഓസീസ് വിക്കറ്റ് കീപ്പർ അലിസ ഹീലി യുപി വാരിയേഴ്സിനെ നയിക്കും. ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ജയൻ്റ്സ് എന്നീ ടീമുകളുടെ ക്യാപ്റ്റന്മാരെ തീരുമാനിച്ചിട്ടില്ല.

വനിതാ പ്രീമിയർ ലീഗ് ലേലം പൂർത്തിയായപ്പോൾ രാജ്യാന്തര സൂപ്പർ താരങ്ങളിൽ പലരും പുറത്താണ്. ശ്രീലങ്കൻ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റിംഗിൻ്റെ വക്താവുമായ ചമരി അത്തപ്പട്ടു, ഏത് ടി-20 ടീം എടുത്താലും അനായാസം ഇടം കണ്ടെത്തുന്ന ഇംഗ്ലണ്ട് ബാറ്റർ ഡാനി വ്യാട്ട്, ഓസ്ട്രേലിയയുടെ യുവ സ്പിൻ സെൻസേഷൻ അലാന കിങ്ങ് തുടങ്ങി ഇന്ത്യൻ യുവ ഓൾറൗണ്ടർ സിമ്രാൻ ദിൽ ബഹാദൂർ വരെയുള്ള പ്രമുഖ താരങ്ങളെ ഫ്രാഞ്ചൈസികൾ തഴഞ്ഞു. ഇത്തരം ചില കുഴപ്പങ്ങളുണ്ടെങ്കിലും കോടികളൊഴുകിയ താരലേലം ഇന്ത്യയിലെയും ആഗോളതലത്തിലെയും വനിതാ ക്രിക്കറ്റിന് പുതിയ മാനങ്ങളാണ് ഒരുക്കുന്നത്. മുംബൈ ഒഴികെയുള്ള ഫ്രാഞ്ചൈസികൾ താരലേലം ഫലപ്രദമായി വിനിയോഗിച്ചപ്പോൾ മുംബൈ മണ്ടത്തരം കാട്ടി.