Cricket Sports

മുംബൈയ്ക്ക് ഇന്ന് മരണക്കളി, എതിരാളി ലഖ്‌നൗ; ഡല്‍ഹി ആര്‍സിബി പോരാട്ടവും ഇന്ന്

ഐപിഎല്ലിൽ ഇന്ന് ഇരട്ട പോരാട്ടം. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ നേരിടുമ്പോള്‍ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. സീസണില്‍ ഒരു മത്സരം പോലും ജയിക്കാത്ത മുംബൈയ്ക്ക് ഇന്ന് നിർണായകമാണ്. അതേസമയം ഡല്‍ഹിക്കും ആര്‍സിബിക്കും ഇന്നത്തെ മത്സരം ജയിച്ചേ മതിയാകൂ. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടമാണ് രണ്ട് മത്സരങ്ങളിലും പ്രതീക്ഷിക്കുന്നത്.

തുടര്‍ച്ചയായി അഞ്ച് മത്സരം തോറ്റ മുംബൈയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ തുടര്‍ ജയങ്ങള്‍ അത്യാവശ്യമാണ്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കെതിരേയും വിമര്‍ശനങ്ങള്‍ ശക്തമാവുകയാണ്. ഫോം കണ്ടെത്താൻ കഴിയാത്ത രോഹിത് നായകസ്ഥാനം ഒഴിയണമെന്നാണ് പ്രധാന വിമര്‍ശനം. ബാറ്റിംഗിൽ സൂര്യകുമാര്‍ യാദവ് മാത്രമാണ് വിശ്വസ്‌തൻ. രോഹിത്തും ഇഷാന്‍ കിഷനും ഓപ്പണിംഗില്‍ വലിയ കൂട്ടുകെട്ട് സൃഷ്ടിക്കാനാവുന്നില്ല. പൊള്ളാര്‍ഡിന്റെ ഫോം ഔട്ടും ടീമിനെ പ്രതികൂലമായി ബാധിക്കുന്നു.

ബൗളിംഗിൽ മികച്ച പിന്തുണ ലഭിക്കാത്തതിന്റെ സമ്മര്‍ദ്ദം ജസ്പ്രീത് ബുംറയേയും ബാധിക്കുന്നു. ജയദേവ് ഉനദ്ഘട്ട്, ബേസില്‍ തമ്പി, ഡാനിയല്‍ സാംസ്, ടൈമല്‍ മില്‍സ് എന്നിവരെല്ലാം പരാജയം. കെ എല്‍ രാഹുല്‍ നായകനായുള്ള ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നിസാരക്കാരല്ല. എന്നാൽ നായകന്‍ കെ എല്‍ രാഹുല്‍ ഫോമിലേക്കുയരാത്തതാണ് പ്രശ്‌നം. പക്ഷേ മുംബൈക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ലഖ്‌നൗവിന് സാധിക്കുമെന്നുറപ്പ്.

ഡല്‍ഹി – ആര്‍സിബി മത്സരത്തിൽ തീപാറും പോരാട്ടം തന്നെ പ്രതീക്ഷിക്കാം. അഞ്ച് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും രണ്ട് തോല്‍വിയും വഴങ്ങിയ ആര്‍സിബി ആറാം സ്ഥാനത്താണ്. കെകെആറിനെ 44 റണ്‍സിന് തോല്‍പ്പിച്ചാണ് ഋഷഭും സംഘവും ആര്‍സിബിക്കെതിരേ ഇറങ്ങുന്നത്.