പ്രഥമ മേജർ ലീഗ് ക്രിക്കറ്റ് കിരീടം മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസിയായ എംഐ ന്യൂയോർക്കിന്. ഫൈനലിൽ സിയാറ്റിൽ ഓർകാസിനെ തകർത്തെറിഞ്ഞാണ് എംഐയുടെ കിരീടധാരണം. ഓർകാസ് മുന്നോട്ടുവച്ച 184 റൺസ് വിജലയക്ഷ്യം 16 ഓവറിൽ വെറും 3 വിക്കറ്റ് നഷ്ടപ്പെടുത്തി എംഐ ന്യൂയോർക്ക് മറികടന്നു. 55 പന്തിൽ 137 റൺസ് നേടി പുറത്താവാതെ നിന്ന നിക്കോളാസ് പൂരാനാണ് എംഐയ്ക്ക് ജയമൊരുക്കിയത്. ഓർകാസിനായി 52 പന്തിൽ 87 റൺസ് നേടിയ ക്വിൻ്റൺ ഡികോക്കിൻ്റെ പ്രകടനം പാഴായി.
ആദ്യം ബാറ്റ് ചെയ്ത ഓർകാസിനായി ഡികോക്കിൻ്റെ ഇന്നിംഗ്സാണ് നിർണായകമായത്. ഓർകാസ് നിരയിൽ ഡികോക്കിനെ കൂടിൽ ശുഭം രഞ്ജാനെ (16 പന്തിൽ 29), ഡ്വെയിൻ പ്രിട്ടോറിയസ് (7 പന്തിൽ 21) എന്നിവരും തിളങ്ങി. ബാക്കിയാർക്കും ഇരട്ടയക്കം കടക്കാനായില്ല. മുംബൈക്ക് വേണ്ടി മൂന്ന് വിക്കറ്റുമായി വീണ്ടും ട്രെൻ്റ് ബോൾട്ട് തിളങ്ങിയപ്പോൾ റാഷിദ് ഖാൻ 4 ഓവറിൽ വെറും 9 റൺസ് വിട്ടുനൽകി 3 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ സ്റ്റീവൻ ടെയ്ലർ (0), ഷയൻ ജഹാംഗീർ (10) എന്നിവർ വേഗം മടങ്ങിയെങ്കിലും മൂന്നാം നമ്പരിലെത്തിയ ക്യാപ്റ്റൻ നിക്കോളാസ് പൂരാൻ സംഹാര മൂഡിലായിരുന്നു. രണ്ടാം വിക്കറ്റിൽ ജഹാംഗീറുമൊത്ത് 62 റൺസിൻ്റെ കൂട്ടുകെട്ടുയർന്നപ്പോൾ ജഹാംഗീറിൻ്റ് സംഭാവന 10 റൺസ്. ഈ 52 റൺസ് പിറന്നതാവട്ടെ വെറും 16 പന്തിൽ. ടൂർണമെൻ്റിലെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റി. ജഹാംഗീർ മടങ്ങിയതോടെ ഡെവാൾഡ് ബ്രെവിസ് ക്രീസിലെത്തി. ബ്രെവിസും നോക്കുകുത്തിയയായിരുന്നു. ആദ്യ പവർപ്ലേയിൽ എംഐയുടെ സ്കോർ 80 റൺസ്. 40 പന്തിൽ പൂരാൻ സെഞ്ചുറി തികച്ചു. ടൂർണമെൻ്റിലെ വേഗതയേറിയ സെഞ്ചുറി.
20 റൺസ് നേടി ബ്രെവിസ് പുറത്തായി. 75 റൺസിൻ്റെ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ ബ്രെവിസ് പൂരാനുമായി കൂട്ടിച്ചേർത്തത്. ഇതിൽ ബ്രെവിസ് നേടിയത് 20 റൺസ്. അഞ്ചാം നമ്പറിൽ ടിം ഡേവിഡ് കളത്തിൽ. പക്ഷേ, പൂരാൻ താണ്ഡവം തുടർന്നു. 15ആം ഓവറിൽ പൂരാൻ അടിച്ചുകൂട്ടിയത് തുടരെ മൂന്ന് സിക്സർ അടക്കം 24 റൺസ്. അടുത്ത ഓവറിലെ അവസാന പന്തിൽ ബൗണ്ടറിയടിച്ച് പൂരാൻ തന്നെ എംഐക്ക് ജയമൊരുക്കി. ടൂർണമെൻ്റിൽ ഏറ്റവുമധികം റൺസ്, ഉയർന്ന സ്കോർ എന്നീ സ്കോറുകളും താരം ഈ ഇന്നിംഗ്സോടെ സ്വന്തമാക്കി.