സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി ഒളിമ്പ്യന്‍ മേഴ്സികുട്ടനെ തെരഞ്ഞെടുത്തു. കായിക സംഘടനകളുടെ തലപ്പത്ത് കായിക താരം തന്നെ വരണമെന്ന നയത്തിന്റെ ഭാഗമായാണ് മേഴ്സികുട്ടനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. വൈസ് പ്രസിഡിന്റിനെയും സ്റ്റാന്റിങ് കമ്മറ്റി അംഗങ്ങളെയും നേരത്തെ തെരഞ്ഞെടുത്തിരുന്നു.
നിലവില്‍ സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ വൈസ് പ്രസിഡന്റായിരുന്നു മേഴ്സികുട്ടന്‍. ടി.പി ദാസനായിരുന്നു അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നത്. എന്നാല്‍ കായിക നിയമത്തില്‍ ഭേദഗതി വരുത്തിയതു പ്രകാരമണ് കായികതാരമായ മേഴ്സികുട്ടനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടു വരുന്നത്. ഈ മാസം 14നാണ് കണ്ണൂരില്‍ നിന്നുള്ള ഒ.കെ വിനീഷിനെ ഐക്യകണ്ഠേന വൈസ്പ്രസിഡന്റായി തെരഞ്ഞെടുത്തത്.
ഇതിനുപുറമെ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അംഗങ്ങളെയും നേരത്തെ തെരഞ്ഞെടുത്തിരുന്നു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ ഐ.എം വിജയന്‍, അര്‍ജുന അവാര്‍ഡ് ജേതാവ് ജോര്‍ജ്ജ് തോമസ് എന്നിവരുള്‍പ്പടെ ഏഴംഗ കമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. രഞ്ജു സുരേഷാണ് വനിതാ പ്രതിനിധി.
1980കളില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വനിതാ അത്ലറ്റുകളില്‍ ഒരാളായിരുന്നു മേഴ്സികുട്ടന്‍. അര്‍ജ്ജുന, ജി.വി രാജ അവാര്‍ഡ് ജേതാവാണ്. ഇതിന് മുമ്പ് 2016ലായിരുന്നു മേഴ്സികുട്ടന്‍ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റായത്.