Cricket Sports

”എനിക്കും ആ സമ്മര്‍ദമുണ്ടാകാറുണ്ട്” തുറന്ന് പറഞ്ഞ് ധോണി

നമ്മുടെ രാജ്യത്ത് മാനസിക പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ സമൂഹം തയ്യാറല്ല

ഏത് സമ്മര്‍ദ ഘട്ടത്തിലും കുലുങ്ങാതെ നില്‍ക്കുന്ന ക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്ക് എന്നും ലഭിച്ചിട്ടുള്ളത്. എന്നാല്‍ സാധാരണ മനുഷ്യര്‍ക്കുള്ളത് പോലെ ഈ പേടി, സമ്മര്‍ദം എന്നിവയില്‍ നിന്നും താനും മോചിതനല്ലെന്ന് ധോണി പറയുന്നു.

ഇന്ത്യക്ക് വേണ്ടി ആദ്യമായി ബാറ്റിങ്ങിന് ഇറങ്ങിയ സമയം. എപ്പോഴാണ് ബാറ്റിങ്ങിന് ഇറങ്ങേണ്ടത് എന്ന് എന്നോട് ആരും പറഞ്ഞില്ല. ആദ്യ 5-10 പന്തുകള്‍ നേരിടുന്നതിന് ഇടയില്‍ എന്റെ നെഞ്ചിടിപ്പ് കൂടി. ആ സമ്മര്‍ദം ഞാന്‍ അനുഭവിച്ചു. ചെറിയ പേടി ആ സമയം എന്നെ പിടികൂടി. എല്ലാവര്‍ക്കും അങ്ങനെ തന്നെയാണ്. എങ്ങനെയാണ് ആ പേടിയേയും സമ്മര്‍ദത്തേയും നേരിടുക? ധോണി ചോദിക്കുന്നു. കായിക താരങ്ങളുടെ സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ മൈന്‍ഡ് കണ്ടീഷനിങ് നടത്തുന്ന എംഫോറാണ് ധോണിയുടെ പ്രസ്താവന പുറത്തുവിട്ടത്.

നമ്മുടെ രാജ്യത്ത് മാനസിക പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ സമൂഹം തയ്യാറല്ല. അതിനെ ഭ്രാന്തായിട്ടാവും നമ്മുടെ സമൂഹം വിലയിരുത്തുകയെന്നും ധോണി പറയുന്നു. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് വിവിധ കായിക ഇനങ്ങളിലെ പരിശീലകരോടായി ധോണി പറഞ്ഞതാണ് ഈ വാക്കുകളെന്ന് എംഫോര്‍ പറയുന്നു.

ചെറിയ പ്രശ്‌നങ്ങളാണെങ്കില്‍ അത് പരിശീലകരോട് പറയാന്‍ നമ്മള്‍ വിസമ്മതിക്കും. 15 ദിവസം വന്ന് പോവേണ്ട വ്യക്തിയല്ല മെന്റല്‍ കണ്ടീഷനിങ് കോച്ച്. 15 ദിവസം വന്നാല്‍ നിങ്ങള്‍ക്ക് അനുഭവസമ്പത്ത് പങ്കുവെച്ച് പോകാന്‍ മാത്രമേ സാധിക്കുകയുള്ളു. കളിക്കാരുടെ കൂടെ മെന്റല്‍ കണ്ടീഷനിങ് കോച്ച് എപ്പോഴുമുണ്ടെങ്കില്‍ എവിടെയാണ് അവര്‍ക്ക് പ്രശ്‌നം നേരിടുന്നത് എന്ന് മനസിലാക്കാനാവും. ധോണി കൂട്ടിച്ചേര്‍ത്തു.