Cricket Sports

സൂര്യയെ എങ്ങനെ തടയാനാകുമെന്ന് രവി ശാസ്ത്രി; ഏകദിന ലോകകപ്പാണെന്ന് പറഞ്ഞാൽ‌ മതിയെന്ന് മാത്യു ഹെയ്ഡൻ

ഏകദിന ലോകകപ്പ് ഫൈനലിലുൾപ്പെടെ നിരാശ സമ്മാനിച്ച സൂര്യകുമാർ യാദവ് ഓസ്‌ട്രേലിയക്കെതിരായ ടി20യിൽ മികച്ച ഫോമിലാണ്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ 80 റൺസെടുത്തിരുന്നു. ഇപ്പോഴിതാ താരത്തെ പരിഹസിച്ച മാത്യു ഹെയ്ഡന്റെ പരാമർശമാണ് വൈറലായിരിക്കുന്നത്. മൈതാനത്ത് സൂര്യകുമാർ ബാറ്റിംഗ് ചെയ്യുമ്പോഴായിരുന്നു കമന്ററി ബോക്‌സിലുണ്ടായിരുന്ന ഹെയ്ഡന്റെ പരിഹാസം.

മുൻ ഇന്ത്യൻ താരം രവി ശാസ്ത്രിയ്ക്ക് ചോദിച്ച ചോദ്യത്തിനായിരുന്നു ഹെയ്ഡന്റെ പരിഹാസം നിറഞ്ഞ മറുപടി എത്തിയത്. ‘സൂര്യയെ ട്വന്റി20യിൽ നിങ്ങൾക്ക് എങ്ങനെ തടയനാകും’ എന്നായിരുന്നു ശാസ്്ത്രിയുടെ ചോദ്യം. ‘ഇത് ഏകദിന ലോകകപ്പാണെന്ന് സൂര്യയോട് പറഞ്ഞാൽ മതി’ എന്നായിരുന്നു ഹെയ്ഡന്റെ മറുപടി. ലോകകപ്പിലെ സൂര്യകുമാറിന്റെ മോശം പ്രകടനത്തെ ചൂണ്ടിക്കാണിച്ചായിരുന്നു ഹെയ്ഡന്റെ പരാമർശം.

ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരായ ഫൈനൽ പോരാട്ടത്തിൽ 28 പന്തുകൾ നേരിട്ട സൂര്യകുമാർ 18 റൺസ് എടുത്തു പുറത്തായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ടി20യിൽ സൂര്യയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ആദ്യ മത്സരത്തിൽ 42 പന്തുകൾ നേരിട്ട താരം നാലു വീതം സിക്‌സറും ഫോറും പറത്തി 80 റൺസ് എടുത്തിരുന്നു. ഇഷാൻ കിഷനൊപ്പം ചേർന്ന് 10 ഓവറിൽ 112 റൺസിന്റെ കൂട്ടുകെട്ടാണ് സൂര്യ ഉയർത്തിയെടുത്തത്.