ടി-20 ലോകകപ്പിൽ ഷഹീൻ അഫ്രീദിയെ നേരിട്ടത് ഇന്ത്യൻ ബാറ്റർമാർക്ക് പുതിയ അനുഭവമായിരുന്നു എന്ന് പാകിസ്താൻ ടീമിൻ്റെ ബാറ്റിംഗ് ഉപദേഷ്ടാവും മുൻ ഓസീസ് താരവുമായ മാത്യു ഹെയ്ഡൻ. ഐപിഎലിൽ 130 കിലോമീറ്റർ വേഗതയുള്ള പന്തുകൾ ഇന്ത്യക്കാർ നേരിട്ടിട്ടുണ്ട്. എന്നാൽ, അഫ്രീദിയെ നേരിട്ടത് ഏറെ വ്യത്യസ്തമായിരുന്നു എന്നും ഹെയ്ഡൻ പറഞ്ഞു. (Matthew Hayden Shaheen Afridi)
“കഴിഞ്ഞ മാസം ഐപിഎലിൽ ഇന്ത്യ 130 കിലോമീറ്റർ വേഗതയിലുള്ള പന്തുകളാണ് നേരിട്ടത്. എന്നാൽ, ഷഹീൻ അഫ്രീദി എറിയുന്ന വേഗത്തിലുള്ള പന്തുകൾ നേരിടുക എന്നത് വേറൊരു കാര്യമാണ്.”- ഹെയ്ഡൻ പറഞ്ഞു.
ഇന്ത്യൻ ഓപ്പണർമാരെ തകർത്ത ഷഹീൻ അഫ്രീദിയാണ് ഇന്ത്യയെ ആദ്യം തന്നെ ബാക്ക്ഫൂട്ടിലാക്കിയത്. ആദ്യ ഓവറിൽ തന്നെ രോഹിതിനെ (0) വിക്കറ്റിനു മുന്നിൽ കുരുക്കിയ ഷഹീൻ തൻ്റെ അടുത്ത ഓവറിൽ ലോകേഷ് രാഹുലിൻ്റെ (3) കുറ്റി തെറിപ്പിച്ചു. രണ്ടാം സ്പെല്ലിൽ ടോപ്പ് സ്കോറർ വിരാട് കോലിയുടെ (57) വിക്കറ്റും ഷഹീൻ സ്വന്തമാക്കി.
മത്സരത്തിൽ ഇന്ത്യയെ10 വിക്കറ്റിനാണ് പാകിസ്താൻ തോല്പിച്ചത്. ടോസ് നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും സർവാധിപത്യം പാകിസ്താനായിരുന്നു. ഇന്ത്യ നേടിയ 152 റൺസ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് പാകിസ്താൻ മറികടന്നത്. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ മുഹമ്മദ് റിസ്‌വാനുമാണ് പാക് വിജയം അനായാസമാക്കിയത്. ഇരുവരും ഫിഫ്റ്റിയടിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ലോകകപ്പിൽ പാകിസ്താനോട് പരാജയപ്പെട്ടത്. പാകിസ്താന് വേണ്ടി ബൗളിങ്ങിൽ ഷഹീൻ അഫ്രിദി 3 വിക്കറ്റ് നേടി തിളങ്ങി. ഷഹീൻ അഫ്രീദി തന്നെയാണ് കളിയിലെ താരവും.
12.5 ഓവറിൽ സ്കോർ നൂറിലേക്ക് എത്തിക്കുവാൻ പാകിസ്താന് സാധിച്ചപ്പോൾ അവസാന ഏഴോവറിൽ വെറും 51 റൺസ് മാത്രമായിരുന്നു ടീം നേടേണ്ടിയിരുന്നത്. ഇന്ത്യൻ ബൗളർമാർക്ക് പാക്കിസ്ഥാൻ ഓപ്പണർമാരെ പിടിച്ചുകെട്ടാൻ സാധിക്കാതെ പോയപ്പോൾ 17.5 ഓവറിൽ പാകിസ്താൻ 10 വിക്കറ്റ് ജയം നേടി. സ്കോർ ഇന്ത്യ: 20 ഓവർ 151/7, പാകിസ്താൻ 17.5 ഓവർ 152/0.