ഇംഗ്ലണ്ടിനെതിരായ വനിത ട്വന്റി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യക്ക് അഞ്ചു വിക്കറ്റിന്റെ ആശ്വാസ ജയം. ഇംഗ്ലണ്ട് ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയിരുന്നു. ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ 126 റൺസിന് പുറത്തായി. ഇന്ത്യ 19 ഓവറിൽ 130 റൺസടിച്ച് വിജയ തീരത്തെത്തി. 48 റൺസെടുത്ത സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ഹെതർ നൈറ്റ് (52) അർധശതകം നേടി.
ശ്രേയങ്ക പാട്ടിലും ഷെയ്ഖ ഇഷാഖും ഇന്ത്യക്കുവേണ്ടി മൂന്നു വീതവും അമൻജോത് കൗറും രേണുക സിങ്ങും രണ്ടു വീതവും വിക്കറ്റെടുത്തു. ഇന്ത്യക്ക് മൂന്നാം ഓവറിൽ സ്കോർ 11ൽ നിൽക്കേ ഓപണർ ഷഫാലി വർമയെ (6) നഷ്ടപ്പെട്ടു. 12ാം ഓവറിൽ ജെമീമയെ (29) ചാർളി ഡീൻ വിക്കറ്റിനു മുന്നിൽ കുരുക്കി. 16ാം ഓവറിൽ ദീപ്തി ശർമയെയും (12) കെംപ് പുറത്താക്കി. അർധശതകത്തിലേക്കു നീങ്ങിയ സ്മൃതി 17ാം ഓവർ തീരവെ സോഫി എക്കിൾസ്റ്റോണിന് വിക്കറ്റ് നൽകി. റിച്ച ഘോഷിനെ എക്കിൾസ്റ്റോൺ ബൗൾഡാക്കിയെങ്കിലും ക്യാപ്റ്റൻ ഹർമൻപ്രീതും (6 നോട്ടൗട്ട്) അമൻജോത് കൗറും (13 നോട്ടൗട്ട്) ചേർന്ന് ഇന്ത്യയെ വിജയിപ്പിക്കുകയായിരുന്നു.