ഋഷഭ് പന്തിനെ ഓപ്പണിംഗിൽ പരീക്ഷിക്കുന്ന ഇന്ത്യൻ തന്ത്രത്തെ പിന്തുണച്ച് മുൻ ശ്രീലങ്കൻ ക്യാപ്റ്റനും ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിൻ്റെ പരിശീലകനുമായ മഹേല ജയവർധനെ. ആഭ്യന്തര ക്രിക്കറ്റിൽ അധികം ഓപ്പൺ ചെയ്തിട്ടില്ലെങ്കിലും പന്തിന് അതിനുള്ളള്ള കഴിവുണ്ട്. പുതുതലമുറയെ വളർത്തിക്കൊണ്ടു വരാനാണ് ഇന്ത്യ എല്ലായ്പ്പോഴും ശ്രമിക്കുന്നത്. സിംബാബ്‌വെ പര്യടനം പല യുവതാരങ്ങൾക്കും മികച്ച അവസരമാണ് എന്നും ജയവർധനെ പറഞ്ഞു.
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പ്രമുഖ താരങ്ങളുടെ തിരിച്ചു വരവിൽ മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടം പിടിക്കാനായില്ല. 15 അംഗ ടീമിനെയാണ് സെലെക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. വിശ്രമത്തിലായിരുന്ന വിരാട് കോലി ടീമിൽ തിരിച്ചെത്തി. ഫോമിലല്ലാത്ത കോലിയ്ക്ക് ടി20 ലോകകപ്പിന് മുൻപ് ഫോമിലേക്ക് തിരിച്ച് വരാനുള്ള അവസരം കൂടിയാണ് ഏഷ്യ കപ്പ്.
ജഡേജ, ചാഹൽ, ബിഷ്ണോയ് എന്നിവർക്കൊപ്പം വെറ്ററൻ സ്പിന്നർ അശ്വിനും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഭുവനേശ്വർ കുമാർ നയിക്കുന്ന പേസ് നിരയിൽ അർഷദീപ് സിംഗ്, ആവേശ് ഖാൻ എന്നിവർ ടീമിൽ ഇടംപിടിച്ചു. പരുക്കിന്റെ പിടിയിലായ ബുമ്രയെ ടീമിലുൾപ്പെടുത്തിയില്ല. ഹാർദിക് പാണ്ഡ്യ ടീമിൽ ഇടം നേടി. ലഭിച്ച അവസരങ്ങൾ നന്നായി വിനിയോഗിച്ച ദീപക് ഹൂഡയ്ക്കും അവസരം ലഭിച്ചു. ഋഷഭ് പന്തും ദിനേശ് കാർത്തികുമാണ് വിക്കറ്റ് കീപ്പർമാർ.
ഈ മാസാവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പിൽ പാകിസ്താനാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. ഓഗസ്റ്റ് 28ന് ദുബായിൽ മത്സരം നടക്കും. ക്രിക്കറ്റിൽ നിന്ന് താത്കാലിക ഇടവേള കഴിഞ്ഞെത്തുന്ന കോലിയുടെ തിരിച്ചുവരവ് കൂടിയാണ് ഏഷ്യാ കപ്പ്.