ലോകകപ്പില്‍ ഇന്ന് ദക്ഷിണാഫ്രിക്ക-ശ്രീലങ്ക പോരാട്ടം. സെമി സാധ്യത നിലനിര്‍ത്താന്‍ ശ്രീലങ്കയ്ക്ക് വിജയം അനിവാര്യമാണ്. സെമി കാണാതെ പുറത്തായ ദക്ഷിണാഫ്രിക്കയാകട്ടെ അഭിമാന പോരാട്ടമായാണ് മത്സരത്തെ കാണുന്നത്. ചെസ്റ്റര്‍-ലെ-സ്ട്രീറ്റില്‍ വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം.
കളി രണ്ടെണ്ണം മഴയെടുത്തത് വല്ലാതെ ബാധിച്ചിട്ടുണ്ട് ലങ്കയെ. നിലവില്‍ ആറ് പോയിന്റുമായി ഏഴാമതാണ് ടീം. ഇന്ന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാല്‍ അഞ്ചാമതെത്താം. പ്രതീക്ഷകള്‍ ജ്വലിപ്പിക്കാം. തോറ്റാല്‍ കണക്കുകളുടെ തുലാസിലേക്ക് കണ്ണുനട്ടിരിക്കാം. ഏറെക്കൂറെ പുറത്തായെന്ന് ഉറപ്പിക്കാം.
ഒരു മത്സരത്തിലല്ലെങ്കില്‍ മറ്റൊന്നില്‍ ലങ്കന്‍ മുന്‍നിര തിളങ്ങിയിട്ടുണ്ട്. സ്ഥിരതയില്ലായ്മയാണ് പ്രശ്നം. ബൌളിങ്ങില്‍ മലിംഗ കൂടി ഫോമിലെത്തിയത് വലിയ ആശ്വാസമാണ്. നുവാന്‍ പ്രദീപും സുരങ്ക ലക്മലുമെല്ലാം തരക്കേടില്ലാതെ പന്തെറിയുന്നു.
ദക്ഷിണാഫ്രിക്കയ്ക്ക് ലോകകപ്പ് വേദികള്‍ എന്നും നിരാശയുടേതാണ്. എന്നാല്‍ ഇത്തവണ നിരാശയ്ക്കപ്പുറം നാണക്കേടിന്റേത് കൂടിയായി അത്. കളിച്ച ഏഴില്‍ അഞ്ചും തോറ്റു. ജയം അഫ്ഗാനോട് മാത്രം. ടൈറ്റില്‍ ഫേവറൈറ്റുകളായി വന്ന് ഒന്നുമല്ലാതായി പോയവര്‍. പേരുകേട്ട താരനിര എല്ലാ മേഖലയിലും പരാജയമായി. ആശ്വാസ ജയങ്ങളാണ് ഇനി ലക്ഷ്യം.
കടലാസില്‍ കരുത്ത് ദക്ഷിഫ്രിക്കയ്ക്ക് കല്‍പ്പിക്കാം. പക്ഷേ കളത്തില്‍ ഇതുവരെ അത് കണ്ടില്ലെന്ന് മാത്രം. ഇത്തവണ എന്താകുമെന്ന് കണ്ടറിയാം.