ഈ വര്‍ഷം ഐപിഎല്‍ ഇന്ത്യയില്‍ നടത്താനുള്ള സാധ്യതകള്‍ തള്ളി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഈ വര്‍ഷം അവസാനം വരേയോ, അടുത്ത വര്‍ഷം ആദ്യം വരെയോ കോവിഡിന്റെ പിടിയില്‍ തന്നെ ഇന്ത്യ തുടര്‍ന്നേക്കാമെന്ന് വിലയിരുത്തിയാണ് ഗാംഗുലിയുടെ വാക്കുകള്‍.
ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളിനൊപ്പമുള്ള ചാറ്റിന് ഇടയിലായിരുന്നു ഗാംഗുലിയുടെ പ്രതികരണം. അടുത്ത നാല് മാസത്തോളം നമുക്ക് കഠിനമായിരിക്കും എന്നാണ് കരുതുന്നത്. കോവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ മാറി കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് എത്താന്‍ അടുത്ത വര്‍ഷമായേക്കും, ഗാംഗുലി പറഞ്ഞു.
വാക്‌സിന്‍ വരുന്നത് വരെ നമുക്ക് കാത്തിരിക്കണം. അതുവരെ നമ്മള്‍ കരുതലോടെ ഇരിക്കേണ്ടതുണ്ട്. എന്താണ് സംഭവിക്കുന്നത് എന്ന് നമുക്കറിയാം. പന്തില്‍ ഉമിനീര് പുരട്ടുന്നത് ഒരു വിഷയമാണ്. വാക്‌സിന്‍ വന്ന് കഴിയുമ്ബോള്‍ മറ്റ് അസുഖങ്ങള്‍ പോലെ ഇതും പ്രശ്‌നമില്ലാത്തതായി തീരുമെന്നും ഗാംഗുലി പറഞ്ഞു.
ബാറ്റിങ്ങിലെ തന്ത്രം പോലെയാണ് ഇതും. എല്ലാ പിച്ചിലും ഒരുപോലെയല്ല കാര്യങ്ങള്‍. വേഗം കുറഞ്ഞ പിച്ചുകളില്‍ വ്യത്യസ്തമായും, ടേണ്‍ ലഭിക്കുന്ന പിച്ചുകളില്‍ മറ്റ് വിധത്തിലുമാണ് നമ്മള്‍ കളിക്കുക. അതുപോലെ കോവിഡ് ഘട്ടത്തിലാണ് നമ്മളിപ്പോള്‍. തിരിച്ചു വരവിന്റെ ഘട്ടത്തില്‍. ഈ വര്‍ഷം അവസാനത്തോടെ നമുക്ക് സാധാരണ നില തിരിച്ചു പിടിക്കാനായേക്കും എന്ന് പ്രതീക്ഷിക്കാം…ഗാംഗുലി പറഞ്ഞു.