Cricket Sports

കോഹ്‌ലിക്ക് സെഞ്ചുറി, ഇന്ത്യ മികച്ച ലീഡിലേക്ക്‌

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് സെഞ്ചുറി. രണ്ടാംദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ 4ന് 289 റണ്‍സ് എന്ന നിലയിലാണ്. 159 പന്തുകളില്‍ നിന്നാണ് കോഹ്‌ലി സെഞ്ചുറി പൂര്‍ത്തിയാക്കിയത്.

സ്‌കോര്‍

ബംഗ്ലാദേശ് 106ന് ഓള്‍ ഔട്ട്

ഇന്ത്യ 289/4*

അര്‍ധ സെഞ്ചുറി നേടിയ രഹാനെ(51)യുടെ വിക്കറ്റാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്. കോഹ്‌ലിക്കൊപ്പം ജഡേജയാണ് ക്രീസില്‍. അര്‍ധസെഞ്ചുറി നേടിയ പുജാരയുടേയും(55) രഹാനെയുടേയും(51) വിരാട് കോഹ്‌ലിയുടേയും(130*) ബാറ്റിംങാണ് കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ക്കൈ നല്‍കിയത്. മായങ്ക് അഗര്‍വാളിനും(14), രോഹിത് ശര്‍മ്മക്കും(21) കാര്യമായൊന്നും ചെയ്യാനായില്ല. പിന്നീട് പുജാര കോഹ്‌ലി സഖ്യം ഇന്ത്യയെ മുന്നോട്ടു നയിച്ചു. പുജാരയെ എബാദത്ത്, ഷദ്മാന്‍ ഇസ്ലാമിന്റെ കൈകളിലെത്തിച്ചതോടെ ഇന്ത്യയുടെ മൂന്നാം വിക്കറ്റ് വീണു. പിന്നീട് എത്തിയ രഹാനെക്കൊപ്പം ചേര്‍ന്ന് 99 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് കോഹ്ലി പടുത്തുയര്‍ത്തിയത്.

നേരത്തെ ഇന്ത്യന്‍ പേസര്‍മാര്‍ നിറഞ്ഞാടിയ ആദ്യ ദിനത്തില്‍ അഞ്ച് വിക്കറ്റെടുത്ത ഇഷാന്ത് ശര്‍മ്മയാണ് ബംഗ്ലാ ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. ബാറ്റിങ് തെരഞ്ഞെടുക്കാനുള്ള നായകന്‍ മൂമിനുല്‍ ഹഖിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു ബംഗ്ലാദേശിന്റേത്.

ഓപ്പണര്‍ ശദ്മാന്‍ ഇസ്‌ലാമാണ് (29) ബംഗ്ലാദേശ് ടോപ് സ്‌കോറര്‍. ശാദ്മാന് പുറമെ, ലിറ്റണ്‍ ദാസ് (24), നയീം ഹസന്‍ (19) എന്നിവരാണ് ബംഗ്ലാ നിരയില്‍ പിടിച്ചു നിന്നത്. ക്യാപ്റ്റനടക്കം നാല് പേര്‍ സംപൂജ്യരായി കൂടാരം കയറി.

ഇഷാന്ത് ശര്‍മക്ക് പുറമെ ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ട് വിക്കറ്റുമെടുത്തു. ഇന്ത്യയില്‍ 2007ലാണ് ഇശാന്ത് ശര്‍മ്മ ഇതിന് മുമ്പ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്.