ശ്രേയാസ് അയ്യർ പരുക്കേറ്റ് പുറത്തായ സാഹചര്യത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഇന്ത്യൻ മധ്യനിര ബാറ്റർ നിതീഷ് റാണയെയും വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ നരേനെയുമെന്ന് റിപ്പോർട്ട്. ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. (kolkata knight riders captain)
യുഎഇ ടി20 ലീഗിൽ അബുദാബി നൈറ്റ് റൈഡേഴ്സിനെ നയിച്ചത് നരേനായിരുന്നു. എന്നാൽ, ലീഗിൽ അവസാന സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. നിതീഷ് റാണ ആവട്ടെ, സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ ഡൽഹിയെ 12 തവണ നയിച്ചിട്ടുണ്ട്. ഇതിൽ 8 മത്സരങ്ങളിൽ വിജയിക്കാനായി.
വരുന്ന ഐപിഎൽ സീസൺ മുതൽ ടോസ് ഇട്ടതിനു ശേഷമേ ഫസ്റ്റ് ഇലവനെ പ്രഖ്യാപിക്കൂ. ഫസ്റ്റ് ഇലവൻ താരങ്ങൾക്കൊപ്പം 5 സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർമാരെയും പ്രഖ്യാപിക്കണം. കഴിഞ്ഞ സീസൺ വരെ കോയിൻ സ്പിൻ ചെയ്യുന്നതിനു മുൻപ് ഇരു ക്യാപ്റ്റന്മാരും ഫൈനൽ ഇലവൻ പരസ്പരം കൈമാറിയിരുന്നു. ഈ പതിവിനാണ് ഇതോടെ അവസാനമാവുക.
വരുന്ന സീസൺ മുതൽ ഐപിഎലിൽ ഇംപാക്ട് പ്ലയർ നിയമം കൊണ്ടുവരികയാണ്. അതുകൊണ്ട് തന്നെ പിച്ചിൻ്റെ സ്വഭാവവും ടോസും പരിഗണിച്ച് ടീം പ്രഖ്യാപിക്കാൻ ഈ നീക്കം സഹായിക്കും. അഞ്ച് സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർമാരിൽ നിന്നാണ് ആവശ്യമെങ്കിൽ ഇംപാക്ട് പ്ലയറെ തെരഞ്ഞെടുക്കേണ്ടത്.
ബൗളർ പന്തെറിഞ്ഞ് ബാറ്റർ പന്തിൽ ബാറ്റ് തൊടുന്നത് വരെയുള്ള സമയത്തിൽ വിക്കറ്റ് കീപ്പർ പൊസിഷൻ മാറിയാൽ അത് ഡെഡ് ബോൾ ആണ്. ഇത്തരം അവസരങ്ങളിൽ ബാറ്റിംഗ് ടീമിന് അഞ്ച് പെനാൽറ്റി റൺസ് ലഭിക്കും.
ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോ ഐപിഎലിൽ കളിക്കില്ല. പഞ്ചാബ് കിംഗ്സ് താരമായ ബെയർസ്റ്റോ കാലിനു പരുക്കേറ്റ് ചികിത്സയിലാണ്. അതുകൊണ്ട് തന്നെ താരത്തിന് ഐപിഎൽ കളിക്കാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അനുമതി നൽകിയില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഐപിഎൽ ലേലത്തിൽ 6.75 കോടി രൂപയ്ക്കാണ് ബെയർസ്റ്റോയെ പഞ്ചാബ് ടീമിലെത്തിച്ചത്.
അതേസമയം, പരുക്കേറ്റ് പുറത്തായ പേസർ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം രാജസ്ഥാൻ റോയൽസ് സന്ദീപ് ശർമയെ ടീമിലെത്തിച്ചു. കഴിഞ്ഞ ഐപിഎൽ ലേലത്തിൽ സന്ദീപ് ശർമ അൺസോൾഡ് ആയിരുന്നു.