റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്വാളിഫയറിലേക്ക് പ്രവേശിച്ചു. പന്തുകൊണ്ടും ബാറ്റുകൊണ്ടും മികവ് കാട്ടിയ സുനില്‍ നരെയനിലൂടെയായിരുന്നു കൊൽക്കത്തയുടെ വിജയം.
ബുധനാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ് കൊല്‍ക്കത്തയുടെ എതിരാളികള്‍. സ്കോര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 138-9, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 19.4ഓവറില്‍ 139-6.
139 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തക്കായി ശുഭ്മാന്‍ ഗില്ലും വെങ്കടേഷ് അയ്യരും ചേര്‍ന്ന് 5.2 ഓവറില്‍ 41 റണ്‍സടിച്ച് മികച്ച തുടക്കമിട്ടു. ഹര്‍ഷല്‍ പട്ടേൽ തന്‍റെ ആദ്യ ഓവറില്‍ തന്നെ ഗില്ലിനെ(24) മടക്കി ബാംഗ്ലൂരിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. തൊട്ടു പിന്നാലെ രാഹുല്‍ ത്രിപാഠിയെ(6) ചാഹലും വീഴ്ത്തി.
അവസാന രണ്ടോവറില്‍ 12 റണ്‍സായിരുന്നു കൊല്‍ക്കത്തക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന രണ്ടോവറില്‍ അതിസമ്മര്‍ദ്ദത്തിലേക്ക് വീഴാതെ ഓയിന്‍ മോര്‍ഗനും ഷാക്കിബ് അല്‍ ഹസനും ചേര്‍ന്ന് കൊല്‍ക്കത്തക്ക് ക്വാളിഫയര്‍ യോഗ്യത നേടിക്കൊടുത്തു.