Cricket Sports

കോഹ്‌ലിക്ക് ഓഹരിയുള്ള സ്ഥാപനം ബിസിസിഐയുടെ കിറ്റ് സ്‌പോണ്‍സര്‍; വഴിവിട്ട നീക്കമെന്ന് വിമര്‍ശം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിക്ക് ഓഹരിയുള്ള സ്ഥാപനത്തിന് ബിസിസിഐ വഴിവിട്ട നീക്കം നടത്തി കരാര്‍ നല്‍കിയതായി ആക്ഷേപം. ബംഗളൂരു ആസ്ഥാനമായ ഗലക്ടസ് ഫണ്‍വെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നത്.

കമ്പനിയില്‍ കോഹ്‌ലിക്ക് 33.32 ലക്ഷം വിലയുള്ള ഓഹരികള്‍ ഉണ്ട് എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്ഫോമായ എം.പി.എലിന്റെ ഉടമസ്ഥാവകാശം ഈ കമ്പനിക്കാണ്. 2018ല്‍ സിങ്കപ്പൂരിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2020 നവംബര്‍ 17നാണ് എം.പി.എല്ലിനെ പുതിയ കിറ്റ് സ്പോണ്‍സറായും വ്യാപാരി പങ്കാളിയാക്കിയും ബി.സി.സിഐ പ്രഖ്യാപിക്കുന്നത്. എന്നാല്‍ 2019 മുതല്‍ കോഹ്‌ലിക്ക് ഈ കമ്പനിയില്‍ നിക്ഷേപമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ബി.സി.സി.ഐയുമായി മൂന്ന് വര്‍ഷത്തേക്കാണ് എം.പിഎല്ലിന്റെ കരാര്‍. ഇതു പ്രകാരം ഇന്ത്യയുടെ വനിതാ-പുരുഷ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ജഴ്സിയില്‍ എം.പി.എല്‍ ലോഗോ ഉണ്ടാകും. എം.പിഎല്ലിന്റെ പരസ്യങ്ങളില്‍ കോഹ്‌ലി അഭിനയിക്കുന്നുണ്ട്.