Cricket Sports

കോലിയുടെ അതിവേഗ അര്‍ധസെഞ്ചുറി, വാങ്കഡെയിലെ ഉയര്‍ന്ന സ്‌കോര്‍

വെസ്റ്റ് ഇന്‍ഡീസിനെ 67 റണ്‍സിന് തോല്‍പിച്ച് നാട്ടിലെ ടി20 പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. ബാറ്റ്‌സ്മാന്മാരുടെ ആധികാരിക പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കി കൊടുത്തത്. സിക്‌സറിന്റേയും റണ്‍സിന്റേയും കണക്കില്‍ പുതിയ നിരവധി റെക്കോഡുകളും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ വാങ്കഡെയില്‍ കുറിച്ചു.

ആദ്യം ബാറ്റു ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 3ന് 240റണ്‍സ് വാങ്കഡെയിലെ ഉയര്‍ന്ന ടി20 സ്‌കോറാണ്. 2016 ലോകകപ്പിനിടെ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 230 റണ്‍സായിരുന്നു നേരത്തെയുള്ള ടോപ് സ്‌കോര്‍. ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാം ടി20 ടോട്ടലാണിത്.

അന്താരാഷ്ട്ര ടി20യില്‍ ആദ്യമായാണ് ഒരു ടീമിലെ മൂന്നു പേര്‍ 70ഓ അതിലേറെയോ റണ്‍ അടിക്കുന്നത്. ഓപണര്‍മാരായ കെ.എല്‍ രാഹുലും(91) രോഹിത് ശര്‍മ്മയും(71) ക്യാപ്റ്റന്‍ കോലി(70*)യുമായിരുന്നു ഇന്ത്യയുടെ റണ്‍ മെഷീനുകള്‍.

തന്റെ ഏറ്റവും വേഗത്തിലുള്ള ടി20 അര്‍ധസെഞ്ചുറിയാണ് കോലി വാങ്കഡെയില്‍ വിന്‍ഡീസിനെതിരെ കുറിച്ചത്. 21 പന്തുകളിലായിരുന്നു കോലി അമ്പത് റണ്‍ പൂര്‍ത്തിയാക്കിയത്. കോലിയുടേതിനേക്കാള്‍ വേഗത്തില്‍ നാല് തവണ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ടി20യില്‍ അര്‍ധ സെഞ്ചുറി നേടിയിട്ടുണ്ട്. അതില്‍ മൂന്ന് അര്‍ധസെഞ്ചുറികളും കൂറ്റനടിക്കാരന്‍ യുവിയുടെ പേരിലാണ്. ഒന്ന് ഗംഭീറിന്റെ പേരിലും.

400 സിക്‌സ് നേടുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമായി ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ. 404 സിക്‌സറുകളാണ് ഇതുവരെ രോഹിത്ത് പറത്തിയത്. ക്രിസ്‌ഗെയില്‍(534) അഫ്രീദി(476) എന്നിവര്‍ മാത്രമാണ് രോഹിത്തിന് മുന്നിലുള്ളത്. 404ല്‍ 361 സിക്‌സും 2013ന് ശേഷമാണ് നേടിയത്. ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിച്ചവരില്‍ രണ്ടാമതുള്ളയാളേക്കാള്‍ 130 സിക്‌സ് രോഹിത്ത് അടിച്ചിട്ടുണ്ട്.

വാങ്കഡെ ലോകേഷ് രാഹുലിന്റേയും കോലിയുടേയും ഇഷ്ട മൈതാനം കൂടിയാണ്. 94, 100*, 91 എന്നിങ്ങനെയാണ് രാഹുലിന്റെ അവസാന മൂന്ന് ടി20 മത്സരങ്ങളില്‍ വാങ്കഡെയിലെ സ്‌കോറുകള്‍. കോലിയാകട്ടെ 13 കളികളില്‍ നിന്നും 597 റണ്ണടിച്ചു. അതില്‍ അഞ്ച് അര്‍ധസെഞ്ചുറികളും ആറ് നോട്ടൗട്ടുമുണ്ട്.