ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിനെ കെഎൽ രാഹുൽ നയിക്കും. നായകൻ രോഹിത് ശർമ പരുക്കേറ്റ് പുറത്തായതോടെയാണ് രാഹുലിന് നറുക്കുവീണത്. ചേതേശ്വർ പൂജാരയാണ് വൈസ് ക്യാപ്റ്റൻ. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ പരുക്കേറ്റ് പുറത്തായ രോഹിതിനു പകരം ഓപ്പണർ അഭിമന്യു ഈശ്വരൻ ടീമിലെത്തി. 12 വർഷങ്ങൾക്കു ശേഷം പേസർ ജയദേവ് ഉനദ്കട്ട് ടീമിൽ തിരികെയെത്തി. പരുക്കേറ്റ മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർക്ക് പകരം നവദീപ് സെയ്‌നി, സൗരഭ് കുമാർ എന്നിവരും ടീമിൽ ഇടം നേടി.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ആഭ്യന്തര ക്രിക്കറ്റിൽ ഉജ്ജ്വല ഫോമിലാണ് സൗരാഷ്ട്ര ക്യാപ്റ്റൻ ഉനദ്കട്ട്. ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിൽ ഒരാളായ ഉനദ്കട്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 164 ഇന്നിംഗ്സുകളിൽ നിന്ന് 23 ശരാശരിയിൽ 353 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏഴ് ഫിഫ്റ്റിയും താരം നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ 19 വിക്കറ്റെടുത്ത താരം ടീമിന് കിരീടവും നേടിക്കൊടുത്തു. 2010ൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ആദ്യമായും അവസാനമായും ഉനദ്കട്ട് ടെസ്റ്റ് കളിച്ചത്.
ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ഇന്ത്യ കളിക്കുക. പരമ്പര തൂത്തുവാരിയാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിക്കാൻ ഇന്ത്യക്ക് സാധ്യതയേറും.
ടീം: കെഎൽ രാഹുൽ, ശുഭ്മൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കെഎസ് ഭരത്, ആർ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ശർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, അഭിമന്യു ഈശ്വരൻ, നവ്ദീപ് സെയ്നി, സൗരഭ് കുമാർ, ജയദേവ് ഉനദ്കട്ട്.